മൂന്നാം വർഷം മുങ്ങാത്ത എ സി റോഡ്‌



ആലപ്പുഴ പ്രളയത്തെ അതിജീവിക്കുന്ന (എലിവേറ്റഡ്‌ ഹൈവേ)  ആലപ്പുഴ–-ചങ്ങനാശേരി റോഡിന്റെ നിർമാണോദ്‌ഘാടനം അടുത്ത മാസം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ഒക്ടോബർ പത്തിനകം ചടങ്ങ്‌ നടത്താനാകുമെന്നാണ്‌ പ്രതീക്ഷ. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി രണ്ടുവരിയിൽ നിർമിക്കുന്ന പാതയ്‌ക്ക്‌ ചെലവ്‌ 672.48 കോടിയാണ്‌. ടെൻഡർ നടപടികൾ പൂർത്തിയായി.  മൂന്നാം വർഷം വാഹനങ്ങൾ എലവേറ്റഡ്‌ ഹൈവേയിലൂടെ ഓടിത്തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്‌ ചുമതല.  ഐക്യ കേരളത്തിലെ ആദ്യ റോഡുകളിലൊന്നായ എസി റോഡ്‌ ആലപ്പുഴക്കുള്ള ഇഎംഎസ്‌ സർക്കാരിന്റെ സമ്മാനമായിരുന്നു. 1957 മുഖ്യമന്ത്രി ഇഎംഎസ്‌‌ റോഡ്‌ ഉദ്‌ഘാടനംചെയ്‌തു.   24.14 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ റോഡ്‌ ആലപ്പുഴയെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുമായി  ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്‌‌.   മഴക്കാലത്ത്‌  വെള്ളം കയറി ഗതാഗതം ദിവസങ്ങളോളം നിലയ്‌ക്കുന്നു‌. ഇതിന്‌ പരിഹാരമാണ്‌ എലവേറ്റഡ്‌ ഹൈവേ പദ്ധതി. രണ്ടുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ 1.30 മീറ്റർ വരെയാണ്‌ ജലനിരപ്പുയർന്നത്‌.  5 ഫ്ലൈഓവർ, 9 ക്രോസ്‌വേ പത്തുമീറ്റർ വീതിയിലാണ്‌ രണ്ടുവരിപ്പാത‌‌. നടപ്പാതകൂടി ഉൾപ്പെടുമ്പോൾ 13–- 14 മീറ്ററാകും.  വെള്ളപ്പൊക്ക സാധ്യതയേറിയ അഞ്ചിടങ്ങളിൽ ഫ്ലൈഓവർ നിർമിക്കും.  വലിയ പാലങ്ങളുടെ വീതികൂട്ടൽ, നടപ്പാത, ചെറിയ പാലങ്ങൾ, ക്രോസ്‌ വേ, കൾവർട്ട്‌ തുടങ്ങിയവയുടെ നിർമാണവും പദ്ധതിയിലുണ്ട്‌.  ഒന്നാങ്കര പാലം മുതൽ മങ്കൊമ്പ് ജങ്‌ഷൻ വരെ (370 മീറ്റർ), മങ്കൊമ്പ് ജങ്‌ഷൻ മുതൽ ഓവുപാലംവരെ (440 ), മങ്കൊമ്പ് തെക്കേക്കര (240 ), ജ്യോതി ജങ്‌ഷൻ മുതൽ പാറശേരി പാലം വരെ (260), പൊങ്ങ മുതൽ പണ്ടാരക്കുളം വരെ (485 ) എന്നിവിങ്ങളിലാണ്‌ 1.795 കിലോ മീറ്റർ ദൈർഘ്യത്തിൽ ‌ ഫ്ലൈഓവറുകൾ.    ഒമ്പതു സ്ഥലങ്ങളിലായി 400 മീറ്ററോളം ദൈർഘ്യം വരുന്ന ക്രോസ് ‌വേ, 13 വലിയ കൾവർട്ടുകൾ , കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളുടെ ഇരുഭാഗത്തും ഫുട്ഓവർ ബ്രിഡ്ജും നിർമിക്കും.  മുട്ടാർ പാലം പുനർനിർമിക്കുകയും മറ്റ് 13 ചെറിയ പാലങ്ങൾ പുതുക്കി പണിയുകയും ചെയ്യും. ഇതോടൊപ്പം 20.5 കിലോ മീറ്റർ  ഡിസൈൻ റോഡായി ഉയർത്തുമെന്ന്‌  മന്ത്രി ജി  സുധാകരനും പറഞ്ഞു.     Read on deshabhimani.com

Related News