‘ലവ് ദ ലേക്ക്’ കാമ്പയിനുമായി നഗരസഭ



ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തിന്‌ മുന്നോടിയായി കായൽ ശുചിത്വബോധവൽക്കരണത്തിന്‌ നഗരസഭ ‘ലവ് ദ ലേക്ക് കാമ്പയിൻ’ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നഗരചത്വരം, മെയിൻ പവിലിയൻ, വിഐപി പവിലിയനിലേക്കുള്ള ബോട്ട്‌ ജെട്ടി എന്നിവിടങ്ങളിൽ നഗരസഭാ ആരോഗ്യവിഭാഗം ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസുകൾ സജ്ജമാക്കും. പവിലിയനുകളിലേക്ക് പ്ലാസ്‌റ്റിക് കുപ്പികളുമായി പ്രവേശിക്കുന്നതിന്‌ നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തും. നൂറോളം പ്ലാസ്‌റ്റിക് ശേഖരണ ബിന്നുകൾ കായലിലേക്കുള്ള പ്രധാന റോഡുകളിൽ സ്ഥാപിക്കും. ഹരിതകർമസേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും പവിലിയനുകളിലും പ്രധാന കേന്ദ്രങ്ങളിലും വളണ്ടിയർമാരായി വിന്യസിക്കും. ജലമേള കഴിഞ്ഞ ഉടൻ വൈകിട്ട് 6.30 മുതൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണത്തൊഴിലാളികളും ഹരിതകർമസേനയും ചേർന്ന്‌ നഗരം വൃത്തിയാക്കുന്നതിന് ഡ്രൈവ് നടത്തും. പോസ്‌റ്റർ പ്രചാരണവും നടത്തും.  കാമ്പയിനിന്റെ ഭാഗ്യചിഹ്നം പൊന്മാന്റെ ചിത്രം ഹെൽത്ത് ഇൻസ്‌പെക്‌ടർ ജയകൃഷ്‌ണനാണ്‌ രൂപകൽപ്പനചെയ്‌തത്‌. കായൽ മലിനീകരണത്തിനെതിരെയുള്ള വനിതാ പ്രതിരോധത്തിന്റെ ഭാഗമായി തെക്കനോടി വിഭാഗത്തിൽ ദേവാസ് വള്ളത്തിൽ ഹരിതകർമസേന മത്സരിക്കും. നഗരസഭാധ്യക്ഷ സൗമ്യരാജ് ക്യാപ്റ്റനും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബീന രമേശ് വൈസ്‌ക്യാപ്റ്റനുമാകും. സാംസ്‌കാരിക ഘോഷയാത്രയിലും ഹരിതകർമസേന പങ്കെടുക്കും. വേമ്പനാട്-, പുന്നമട കായൽ സംരക്ഷണത്തിനുള്ള ജനകീയ കാമ്പയിനായി ‘ലവ് ദ ലേക്ക്’ മാറുമെന്ന് നഗരസഭാധ്യക്ഷ സൗമ്യരാജ്, പി എസ് എം ഹുസൈൻ, ബീന രമേശ് എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News