ഭിന്നശേഷിക്കുട്ടികൾക്ക് തണലൊരുങ്ങുന്നു

പാണ്ടനാട്ടിൽ നിർമിക്കുന്ന ഓട്ടിസം സെന്റർ മന്ത്രി സജി ചെറിയാൻ, മജീഷ്യൻ ഗോപിനാഥ് മുതുകാടും 
സന്ദർശിക്കുന്നു


  മാന്നാർ ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ പാണ്ടനാട് പമ്പാതീരത്ത് സ്ഥാപിക്കുന്ന ഓട്ടിസം സെന്ററിന്റെ നിർമാണ പുരോഗതി മന്ത്രി സജി ചെറിയാൻ വിലയിരുത്തി. മജീഷ്യൻ ഗോപിനാഥ്‌ മുതുകാടും ഒപ്പമുണ്ടായിരുന്നു. മന്ത്രിയുടെ എംഎൽഎ ഫണ്ടിൽ ആദ്യഘട്ടത്തിൽ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നിർമാണം.   രണ്ടുകോടി രൂപ ചെലവഴിച്ച് ഓട്ടിസം സെന്റർ, പ്ലേ സ്‌കൂൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും താമസ സൗകര്യം, തെറാപ്പി കോർണറുകൾ, മിനി സ്റ്റേഡിയം, പൂന്തോട്ടം, സൗകര്യങ്ങളെല്ലാം ചലന വൈകല്യമുള്ള കുട്ടികൾക്കും ഉപയോഗിക്കാനാവുംവിധം ലിഫ്റ്റ് തുടങ്ങിയവ ഉൾപ്പെടെയുള്ള കെട്ടിടമാണ് നിർമിക്കുന്നത്. അക്കാദമിക പരിശീലനത്തോടൊപ്പം തെറാപ്പി, വിവിധ നൈപുണ്യ പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വയംതൊഴിൽ പരിശീലനം, തൊഴിൽ യൂണിറ്റുകൾ തുടങ്ങി വിവിധ സേവനങ്ങൾ ഉറപ്പാക്കും. ​   ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനെറ്റുമായി സഹകരിച്ച് കുട്ടികളിലെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനും സ്വയംപര്യാപ്‌തരാക്കുന്നതിനുമുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ‌അക്കാദമിയിലൂടെ ഭിന്നശേഷി കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉന്നമനത്തിനായി മുഴുവൻ സമയം പ്രവർത്തിക്കുന്ന ​ഗോപിനാഥ് മുതുകാടിന്റെ അനുഭവസമ്പത്തും ആശയങ്ങളും പ്രയോജനപ്പെടുത്തുന്നതിനാണ് അദ്ദേഹത്തെ ചെങ്ങന്നൂരിലേക്ക് ക്ഷണിച്ചതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ആശ വി നായർ, ജി കൃഷ്ണകുമാർ, ജിപ്‍സൺ ജോസ്, കെ ബൈജു, പ്രവീൺ വി നായർ, വി ഹരി ഗോവിന്ദ് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News