അതീവ ജാഗ്രതയിൽ



  ആലപ്പുഴ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത ശക്തമാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നിരീക്ഷണ സംവിധാനം ഊർജിതമാക്കാനും കോവിഡ് ബാധിതർക്ക്‌ പരമാവധി പരിചരണകേന്ദ്രങ്ങൾ ഒരുക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി പ്രസാദും നിർദേശം നൽകി.    രണ്ട്‌ ഡോസ് വാക്‌സിൻ എടുത്തതുകൊണ്ട് മുൻകരുതൽ വേണ്ടെന്ന സമീപനം അപകടകരമാണ്. വാർഡ് തലത്തിൽ ജനപ്രതിനിധികൾ, രാഷ്‌ട്രീയപാർടി, യുവജനസംഘടന, കുടുംബശ്രീ പ്രതിനിധികൾ, ആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി  പ്രതിരോധ സമിതി രൂപീകരിച്ച് ബോധവൽക്കരണം നടത്തണം. വ്യാപാരസ്ഥാപനങ്ങളിലും വിവാഹം, മരണം തുടങ്ങിയ  ചടങ്ങുകളിലും പ്രോട്ടോക്കോൾ ലംഘനം ഉണ്ടാകുന്നില്ലെന്ന് പൊലീസ്‌ ഉറപ്പാക്കണം. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡല യോഗംചേർന്ന് പ്രതിരോധ, ചികിത്സ സംവിധാനങ്ങൾ കുറ്റമറ്റതെന്ന് ഉറപ്പാക്കണം.     നേരത്തെ പ്രവർത്തിച്ചിരുന്ന സിഎഫ്എൽടിസികളടക്കം പരിചരണകേന്ദ്രങ്ങൾ ഏത്‌ സമയത്തും തുറക്കാവുന്ന രീതിയിൽ സജ്ജമാക്കണം. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിൽ സേവനം മുടങ്ങാതിരിക്കാൻ ക്രമീകരണം വേണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവർക്കും ഭക്ഷണം  ഉറപ്പാക്കണം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്റർ, ഓക്‌സിജൻ കിടക്ക, മരുന്ന്‌, ആംബുലൻസ്‌ തുടങ്ങിയവ ക്രമീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.   വീഡിയോ കോൺഫറൻസ്  യോഗത്തിൽ എംഎൽഎമാരായ രമേശ് ചെന്നിത്തല, യു പ്രതിഭ, ദലീമ, കലക്‌ടർ എ അലക്‌സാണ്ടർ, സബ് കലക്‌ടർ സൂരജ് ഷാജി, ജില്ലാ വികസന കമീഷണർ കെ എസ് അഞ്‌ജു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശ സി ഏബ്രഹാം, ഡിഎംഒ ജമുന വർഗീസ് എന്നിവരും തദ്ദേശസ്ഥാപന അധ്യക്ഷരും  ജില്ലാ മേധാവികളും പങ്കെടുത്തു.   Read on deshabhimani.com

Related News