കരുവാറ്റ ബാങ്ക് കവർച്ച: കുറ്റപത്രം ഈ മാസം



ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവർച്ചക്കേസിലെ പ്രതികൾക്കെതിരായ കുറ്റപത്രം ഈ മാസം അവസാനം കോടതിയിൽ സമർപ്പിക്കും.  ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ഓണാവധിക്കാലത്തായിരുന്നു ബാങ്ക് കവർച്ച.  ലോക്കറിലുണ്ടായിരുന്ന 4.86 കിലോ ഗ്രാം പണയസ്വർണവും 4,43,743 രൂപയും കവർച്ച ചെയ്‌തതായാണ് കേസ്.  തിരുവനന്തപുരം കാട്ടാക്കട പറക്കാണിയിൽ ആൽബിൻ രാജ് (38), ഹരിപ്പാട് അർ കെ ജങ്‌ഷനിൽ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന ചെട്ടികുളങ്ങര കൈപ്പള്ളിൽ ഷൈബു എന്ന അപ്പുണ്ണി (39), കാട്ടാക്കട വാഴച്ചാൽ വാവോട് തമ്പിക്കോണം മേലേ പ്ലാവിളയിൽ ഷിബു (45) എന്നിവരാണ് പ്രതികൾ.  ഓണാവധിക്കിടെ ഓഗസ്‌ത്‌ 29 നും 31 നുമിടയിൽ മുന്നു ദിവസം കൊണ്ടാണ് കവർച്ച പൂർത്തിയാക്കിയത്.  ഹരിപ്പാട് എസ് എച്ച് ഒ ആർ ഫയാസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 20 അംഗ പ്രത്യേക സംഘമാണ്‌ കേസന്വേഷിച്ചത്. രണ്ടും മൂന്നു പ്രതികളെ ഒക്‌ടോബർ 12 നും ഒന്നാം പ്രതിയെ 17 നും അറസ്‌റ്റ്‌ ചെയ്‌തിരുന്നു.  കവർച്ച ചെയ്‌ത സ്വർണത്തിൽ 3.67 കിലോ ഗ്രാം പ്രതികളിൽ നിന്ന്‌ കണ്ടെത്തി. 1.82 കിലോ  ഇനിയും കണ്ടെത്താനുണ്ട്.  ഇവ കണ്ടെടുക്കാനായി പ്രതികളുടെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.  രണ്ടാം പ്രതി ഷൈബു, മൂന്നാം പ്രതി ഷിബു എന്നിവർ ജാമ്യത്തിലാണ്. ഒന്നാം പ്രതി റിമാൻഡിലാണ്‌. Read on deshabhimani.com

Related News