വെള്ളം പൊങ്ങിയാലും കുട്ടനാട്‌ ഇരുട്ടിലാകില്ല



മങ്കൊമ്പ് വെള്ളം വന്നാലും മുങ്ങാത്ത സബ്‌ സ്‌റ്റേഷനുകളിൽ നിന്ന്‌ കുട്ടനാട്ടിൽ ഇനി വൈദ്യുതിയെത്തും. ഇതിനായി പുതിയ  ഇലക്‌ട്രിസിറ്റി സബ്‌സ്‌റ്റേഷനുകൾ സ്ഥാപിക്കും.  2018 ലെ പ്രളയത്തിൽ കുട്ടനാട്ടിലെ രണ്ട് സബ്സ്‌റ്റേഷനുകളും വെള്ളത്തിൽമുങ്ങി പണിമുടക്കിയിരുന്നു. വെള്ളം ഇറങ്ങിയിട്ടും  ദിവസങ്ങൾ കഴിഞ്ഞാണ്‌ വൈദ്യുതി ബന്ധം കുട്ടനാട്ടിൽ പുനസ്ഥാപിച്ചത്‌.   കിഫ്ബി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, ആസൂത്രണ ബോർഡ് എന്നിവയുടെ ഏകോപനത്തോടെയാണ്‌ സർക്കാർ സബ് സ്‌റ്റേഷനുകൾ നിർമിക്കുക.   മൂന്നെണ്ണം എലിവേറ്റഡ്‌ സബ്‌സ്‌റ്റേഷനുകളാണ്. 42.6 കോടി ഇതിനായി അനുവദിച്ചു.  നിലവിലുള്ള മങ്കൊമ്പിലെ കുട്ടനാട് 66 കെവി സബ്സ്‌റ്റേഷൻ 110 കെവി  സബ്‌സ്‌റ്റേഷനാക്കും.   കാവാലത്ത്‌ പുതിയ 110 കെവി സബ്‌സ്‌റ്റേഷനും കിടങ്ങറയിൽ 33 കെവി സബ്‌സ്‌റ്റേഷനും സ്ഥാപിക്കും.  66 കെവി സബ്‌സ്‌റ്റേഷനുകളായ  കുട്ടനാട്‌, പൂപ്പള്ളി -എന്നിവ 110 കെവി യിലേക്കുയർത്തും.  പുതുതായി അഞ്ചു കിലോമീറ്റർ 110 കെ വി ഡബിൾ സർക്യുട്ട് ലൈനും നിർമിക്കും.   നിർദ്ദിഷ്ട സബ്‌സ്‌റ്റേഷനിലേക്ക് പുന്നപ്ര, പള്ളം എന്നീ രണ്ട് 220 കെ വി  സബ്‌സ്‌റ്റേഷനുകളിൽ നിന്നും  വൈദ്യൂതി എത്തിക്കും.  കാവാലത്ത് സബ്‌സ്‌റ്റേഷനാകുന്നതോടെ  നീലംപേരൂർ പഞ്ചായത്തിലെ  വീടുകളിൽ വൈദ്യതി മുടങ്ങാതെയെത്തും. നിലവിൽ മങ്കൊമ്പ് സബ് സ്‌റ്റേഷനിൽ നിന്നും പള്ളത്ത് നിന്നുമാണ് മോട്ടാർ പ്രവർത്തിക്കാനുള്ള  വൈദ്യുതിയെത്തുന്നത്‌.   കാവാലം  ലിസ്യു ചർച്ചിനു സമീപമാണ് ഉയരത്തിലുള്ള എലിവേറ്റഡ്‌ സബ്‌സ്‌റ്റേഷൻ നിർമിക്കുക.  15.85 കോടിയാണ്‌ ചെലവ്‌.  കിടങ്ങറയിലാണ് പുതിയ 33 കെ വി സ്‌റ്റേഷൻ. Read on deshabhimani.com

Related News