ഫായിസിന്റെ ലോകയാത്ര 
ആലപ്പുഴയിലെത്തി

എച്ച് സലാം എംഎല്‍എ ഫായിസിനെ അനുമോദിക്കുന്നു


ആലപ്പുഴ ആരോഗ്യസംരക്ഷണത്തിനും കാർബൺ മലിനീകരണം ഒഴിവാക്കാനും പോളിയോ നിർമാർജനത്തിനും ലോകസമാധാനത്തിനുമായി ഫായിസ് അഷ്റഫ് അലി (35) നടത്തുന്ന യാത്ര ആലപ്പുഴയിലെത്തി. സൈക്കിളിൽ ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസങ്ങളായാണ് യാത്ര. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആഗസ്‌ത്‌ 15ന് സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്‌ത യാത്ര വ്യാഴാഴ്‌ചയാണ്‌ ആലപ്പുഴയിലെത്തിയത്‌. ദീർഘദൂരയാത്രയ്‌ക്കുതകുന്ന അമേരിക്കൻ ബ്രാൻഡായ ബേർളിയുടെ 2.5 ലക്ഷത്തോളം രൂപ വിലയുള്ള സൈക്കിളിൽ തനിച്ചുള്ള യാത്ര 2024 മാർച്ച് ഒന്നിന് ലണ്ടനിൽ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫായിസ്‌ പറഞ്ഞു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയും വിപ്രോയിലെ എൻജിനിയറുമായിരുന്ന ഫായിസ്‌ 2015ൽ ജോലി ഉപേക്ഷിച്ചാണ് സൈക്കിളിങ് രംഗത്തെത്തിയത്. തുടർന്ന് 2019ൽ കോഴിക്കോടുനിന്ന് 104 ദിവസത്തെ യാത്ര നടത്തി സിങ്കപ്പുരിലെത്തി. കോഴിക്കോട് സൺറൈസ് റോട്ടറി ക്ലബ് അംഗം കൂടിയായ ഫായിസ്‌ റോട്ടറി കണക്റ്റ് ദ വേൾഡ് എന്ന സന്ദേശമുയർത്തി മറ്റൊരാൾക്കൊപ്പമായിരുന്നു അന്നത്തെ യാത്ര. ദുബായ് കമ്പനിയായ പരജോൺ, എമിറേറ്റ്സ് ഫസ്‌റ്റ്‌ എന്നിവരുടെ സ്‌പോൺസർഷിപ്പിലാണ് ഇപ്പോഴത്തെ യാത്ര. പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ്. ദന്തഡോക്‌ടറായ ഭാര്യയും വിദ്യാർഥികളായ രണ്ട്‌ മക്കളുടെയും അച്ഛനാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കിയശേഷമാകും തുടർയാത്ര. ആലപ്പുഴയിലെത്തിയ ഫായിസിന് എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ആലപ്പി ഈസ്‌റ്റ്‌ റോട്ടറി ക്ലബ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്‌ണു അധ്യക്ഷനായി. അഡ്വ. കുര്യൻ ജെയിംസ്, സി ടി സോജി, കെ നാസർ, എസ് വിനോദ്കുമാർ, എ എൻ പുരം ശിവകുമാർ, ഗോപാൽ ഗിരീഷ്, ജി അനിൽകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News