സിപിഐ ജില്ലാ സമ്മേളനം 21 മുതൽ



ആലപ്പുഴ സിപിഐ ജില്ലാ സമ്മേളനം 21 മുതൽ 24 വരെ ഹരിപ്പാട് ചേരും. ഞായർ വൈകിട്ട് അഞ്ചിന് കെ ഡി മോഹൻനഗറിൽ (നാരകത്തറ) പ്രതിഭാസായാഹ്നം കവി ആലങ്കോട് ലീലാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. 22ന് പതാക, ദീപശിഖ, ബാനർ, കൊടിമര ജാഥ പര്യടനം. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള പതാകജാഥ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.  വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ബാനർജാഥ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി ജ്യോതിസും വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥ സംസ്ഥാന കൗൺസിൽ അംഗം കെ എം ചന്ദ്രശർമയും ഉദ്ഘാടനം ചെയ്യും. വള്ളികുന്നത്തെ സി കെ കുഞ്ഞിരാമന്റെ സ്‌മൃതിമണ്ഡപത്തിൽ നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും. സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് ഉദ്ഘാടനംചെയ്യും. ദീപശിഖ, ബാനർ, കൊടിമര ജാഥകൾ എ ശിവരാജൻ നഗറിൽ (നാരകത്തറ) 22ന് വൈകിട്ട് അഞ്ചിന് സംഗമിക്കും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ സുകുമാരപിള്ള പതാക ഉയർത്തും. പൊതുസമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. 23ന് പകൽ 10.30ന് ടി പുരുഷോത്തമൻ നഗറിൽ (റീൻപാലസ് ഓഡിറ്റോറിയം) വിപ്ലവഗായിക പി കെ മേദിനി പതാക ഉയർത്തും. 11ന് പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനംചെയ്യും. പ്രതിനിധിസമ്മേളനം 24ന് സമാപിക്കും.   സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്‌റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്‌ണപ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. Read on deshabhimani.com

Related News