ആർഎസ്എസ് ആക്രമണം: അടിച്ചുവീഴ്‌ത്തി പെൺകുട്ടിയെ 
നിലത്തിട്ടുചവിട്ടി

അഥീനയെ സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ സന്ദർശിക്കുന്നു


 ചെങ്ങന്നൂർ> എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായ പെൺകുട്ടിയെ  ആർഎസ്‌എസ്‌‌, എബിവിപി സംഘം ക്രൂരമായി ആക്രമിച്ചു. അടിച്ചുവീഴ്‌ത്തിയശേഷം ചുറ്റുംനിന്ന്‌ വയറ്റിൽ ചവിട്ടി. മുഖത്തേറ്റ അടിയിൽ മൂക്കിൽനിന്ന്‌ രക്തംവാർന്ന യൂണിറ്റ്‌ സെക്രട്ടറി അഥീനയെ ചെങ്ങന്നൂർ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തിരുവൻവണ്ടൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ്  ശ്രീഅയ്യപ്പാകോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർഥിനിയാണ്‌ അഥീന. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിന്‌ നാമനിർദേശപത്രിക നൽകുന്നതിനിടെയാണ് അഥീനയെ ക്രൂരമായി ആക്രമിച്ചത്‌.    എബിവിപി കോളേജ് യൂണിറ്റ് സെക്രട്ടറി അഭിജിത്ത്, പ്രവർത്തകരായ രൺദീപ്, അശ്വിൻ എൻ പിള്ള, ആർഎസ്എസ് പ്രവർത്തകരായ ഇരമല്ലിക്കര പുല്ലാണേൽ രാജീവ് (ഡെയ്ഞ്ചർ രാജീവ് –-40), ചരൂർപറമ്പിൽ ദിലീപ്(40), വാലുപറമ്പിൽ വി എം മഹേഷ് (29), കടവിലേത്ത് ഉമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.  പ്രധാനപ്രതി ഡെയ്‌ഞ്ചർ രാജീവിനെ പൊലീസ് പിടികൂടി.    ചൊവ്വാഴ്‌ച പകൽ രണ്ടിനാണ്‌ സംഭവം. നാമനിർദേശപത്രിക നൽകുന്നതിന്റെ അവസാന ദിവസമായ ചൊവ്വ രാവിലെ മുതൽ എസ്എഫ്ഐ പ്രവർത്തകർ പത്രിക നൽകുന്നത്‌ ഭീഷണിപ്പെടുത്തി തടയാൻ എബിവിപി, ആർഎസ്‌എസ്‌ സംഘം ശ്രമിച്ചിരുന്നു.       ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലുമായി സംസാരിക്കാനെത്തിയ  അഥീനയെ അഭിജിത്ത്, രൺദീപ്, അശ്വിൻ എന്നിവർ ചേർന്ന് ആക്രമിച്ചു. തുടർന്ന് പുറത്തുനിന്നെത്തിയ ആർഎസ്‌എസ്‌ ക്രമിനൽ ഡെയ്‌ഞ്ചർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം അഥീനയെ ചവിട്ടി നിലത്തിട്ടു. തുടർച്ചയായി വയറ്റിൽ  ചവിട്ടി. മുഖത്തും പുറത്തും മർദ്ദിച്ചു.   ആക്രമണത്തിനിടെ അഥീനയുടെ ഒന്നര പവന്റെ മാലയും സംഘം തട്ടി. ആക്രമണശേഷം കോളേജിനു മുമ്പിൽ ഭീകരാന്തരീക്ഷം തീർത്ത  ആർഎസ്എസുകാർ അഥീനയെ ആശുപത്രിയിൽ കൊണ്ടുപോകാനും അനുവദിച്ചില്ല. പിന്നീട്‌ എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ സോനു പി കുരുവിള, സെക്രട്ടറി  ആസിഫ് യൂസഫ് എന്നിവരെത്തിയാണ് അഥീനയെ ആശുപത്രിയിലാക്കിയത്‌. 2019ൽ സിപിഐ എം ലോക്കൽസെക്രട്ടറി കെ എസ് ഷിജു ഉൾപ്പെടെ 16 സിപിഐ എം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയാണ് രാജീവ്.  ശക്തമായ നടപടിവേണം  ചെങ്ങന്നൂർ കോളേജിൽ എസ്എഫ്ഐയുടെ സംഘടന പ്രവർത്തനം തടയുന്നതിനാണ്‌ യൂണിറ്റ്‌ സെക്രട്ടറിയായ അഥീനയെ ആർഎസ്‌എസ്‌ ക്രിമിനൽസംഘം വളഞ്ഞിട്ടാക്രമിച്ചത്‌. പെൺകുട്ടിയെന്ന പരിഗണന നൽകാതെ അടിച്ചുനിലത്തിട്ടശേഷം തുടരെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചത്‌ കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്‌.  അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നും അക്രമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന അഥീനയെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എച്ച് റഷീദ്, ഏരിയ സെക്രട്ടറി എം ശശികുമാർ, ലോക്കൽ സെക്രട്ടറി ഷാജി കുതിരവട്ടം, എം കെ മനോജ്, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി ജെബിൻ പി വർഗീസ് എന്നിവർ സന്ദർശിച്ചു. അക്രമം പരാജയ ഭീതിയിൽ : എസ്എഫ്ഐ ചെങ്ങന്നൂർ എബിവിപി കുത്തകയായിരുന്ന കോളേജിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുമെന്ന് ഉറപ്പായതോടെയാണ്‌ പുറത്തുനിന്നെത്തിയ ആർഎസ്‌എസ്‌ സംഘത്തിനെകൂട്ടുപിടിച്ച്‌  പെൺകുട്ടികൾ അടക്കമുള്ളവരെ എബിവിപി ക്രൂരമായി മർദിച്ചതെന്ന്‌  എസ്എഫ്ഐ ഏരിയ കമ്മിറ്റി അറിയിച്ചു.   Read on deshabhimani.com

Related News