അഞ്ചരലക്ഷം തൈകൾ തയ്യാർ

ജനകീയ ജൈവ ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിൽ തയാറാക്കിയ പച്ചക്കറിത്തൈകൾ


ആലപ്പുഴ കഞ്ഞിക്കുഴിയെ ഹരിതാഭമാക്കാൻ അഞ്ചരലക്ഷം പച്ചക്കറിത്തൈകൾ തയ്യാറായി. പഞ്ചായത്തിലെ 9000 കുടുംബങ്ങൾക്കാവശ്യമായ പച്ചക്കറി ഉൽപ്പാദിപ്പിക്കാനുള്ള തൈകളാണ്‌ തയ്യാറായത്‌. പഞ്ചായത്ത്ആരംഭിക്കുന്ന ജനകീയ ജൈവ ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് അഞ്ചിനത്തിൽപ്പെട്ട അഞ്ചരലക്ഷം പച്ചക്കറിത്തൈകൾ ഉൽപ്പാദിപ്പിച്ചത്. ഇവ സൗജന്യമായി വീടുകളിലെത്തിക്കും. 18 വാർഡിലും പ്രത്യേകം തയ്യാറാക്കിയ മഴ മറയ്‌ക്കകത്താണ് തൈകൾ വളരുന്നത്. ഇതിനാവശ്യമായ നടീൽ സാമഗ്രികൾ പഞ്ചായത്ത് വാങ്ങിനൽകിയിരുന്നു. പാവൽ, പടവലം, പയർ, വെണ്ട, പീച്ചിൽ  വിത്തുകളും വളവും പഞ്ചായത്ത് തൈ ഉൽപ്പാദക യൂണിറ്റുകൾക്ക് നൽകി.  ഹൈബ്രിഡ് വിത്തും പരമ്പരാഗത വിത്തുമാണ് നൽകിയിട്ടുള്ളത്. ഓരോ വാർഡിലും കുടുംബശ്രീ നേതൃത്വത്തിൽ രൂപീകരിച്ച അഞ്ചംഗ തൈ ഉൽപ്പാദക യൂണിറ്റുകളാണ് തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.  ഇവർക്കാവശ്യമായ പരിശീലനങ്ങൾ നൽകിയിരുന്നു. പദ്ധതി വിഹിതത്തിൽനിന്ന് 7.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മഴമറയിൽ ഉൽപ്പദിപ്പിക്കുന്ന പച്ചക്കറിത്തൈകൾ അയൽക്കൂട്ട സമിതികൾ വഴി ഒറ്റ ദിവസംകൊണ്ട് വീടുകളിലും എത്തിക്കും. ഒരേസമയം തൈകൾ വീടുകളിൽ വയ്‌ക്കുന്നതിനും പരിപാലനം ഒരുക്കുന്നതിനും പരിപാടി  തയ്യാറാക്കിയിട്ടുണ്ട്. വിപണിയൊരുക്കുന്നതിന് പ്രത്യേക പദ്ധതിയും  ഒരുക്കുന്നുണ്ട്.  കൃഷിമന്ത്രി പി പ്രസാദ്, ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ആർ നാസർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ജി മോഹനൻ എന്നിവർ വിവിധ വാർഡുകളിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം തൈകൾ വിതരണംചെയ്യും. Read on deshabhimani.com

Related News