പ്രളയഭീതിയിൽ...

ചെങ്ങന്നൂർ പിരളശേരിയിൽ കിടപ്പുരോഗികളെ ഉൾപ്പെടെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്നു


മങ്കൊമ്പ്  പെരുമഴയിലും കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പർ കുട്ടനാടും കുട്ടനാടും പ്രളയഭീതിയിൽ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കാൻ തുടങ്ങി. നൂറിലേറെ വീടുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. അപ്പർ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. പമ്പാനദിയിലേയും മണിമല ആറ്റിലേയും ജലനിരപ്പ് ഭീതിജനകമായ നിലയിൽ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ നദികളിലെ ജലനിരപ്പ് രണ്ട് മീറ്ററോളം ഉയർന്നു. 
  പ്രാദേശിക തോടുകളും ഇടത്തോടുകളും കരകവിഞ്ഞു. നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. തലവടി കുതിരച്ചാൽ പുതുവൽ കോളനിയിലെ മിക്ക വീടുകളും മുട്ടോളം വെള്ളത്തിലാണ്‌.   വീടുകളിൽനിന്ന് ആളുകളെ വള്ളങ്ങളിലും ചങ്ങാടങ്ങളിലും മാറ്റി കൊണ്ടിരിക്കുന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടാംകൃഷിക്ക്‌ വിളവെടുക്കാനൊരുങ്ങുന്ന പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണിയിലാണ്.  രക്ഷാപ്രവർത്തനത്തിന്‌ ജനകീയ സമിതി പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനകീയസമിതി രൂപീകരിച്ചാണ് അതാത് പഞ്ചായത്തുകളിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. 
  റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ഏറ്റെടുത്ത് ക്യാമ്പ്‌ തുറന്നു.   Read on deshabhimani.com

Related News