വിടപറഞ്ഞത്‌ ചിക്കുൻഗുനിയയെ പ്രതിരോധിച്ച കലക്‌ടർ



  ആലപ്പുഴ ചിക്കുൻ ഗുനിയയെന്ന മഹാമാരി ആലപ്പുഴയെ ഗ്രസിച്ചപ്പോൾ മുന്നിൽനിന്ന് പ്രതിരോധം തീർത്തത് അന്ന് കലക്‌ടറായിരുന്ന ഡോ. കെ ആര്‍ വിശ്വംഭരനാണ്. 2006 ഒക്‌ടോബർ ഒമ്പതുമുതൽ 2007 മാർച്ച്‌ 28 വരെയാണ് വിശ്വംഭരൻ മാതൃജില്ലയായ ആലപ്പുഴയിൽ കലക്‌ടറായിരുന്നത്. ചുമതലയേൽക്കുന്നതിന്‌ തൊട്ടുമുമ്പ്  സെപ്‌തംബറിലാണ്‌ ജില്ലയിൽ ചിക്കുൻഗുനിയ പടർന്നുപിടിച്ചത്‌. സംസ്ഥാനത്ത് രോഗം ഏറ്റവുമധികം ഗ്രസിച്ചതും ഇവിടെത്തന്നെയായിരുന്നു. കലക്‌ടറായയുടൻ വിശ്വംഭരന് നേരിടേണ്ടി വന്ന വെല്ലുവിളി അതായിരുന്നു. ചിക്കുൻഗുനിയയെ പ്രതിരോധിക്കാന്‍ അദ്ദേഹം മുന്നിൽനിന്ന് പടനയിച്ചു. മാവേലിക്കര കുന്നംകാവിൽ കെ വി അച്യുതന്റെയും തങ്കമ്മയുടെയും മകനായാണ്‌ വിശ്വംഭരന്റെ ജനനം. മാവേലിക്കര ബിഷപ് മൂർ കോളേജിലായിരുന്നു ബിരുദപഠനം. അരനൂറ്റാണ്ട്‌ മുമ്പ്‌  ഉന്നതവിദ്യാഭ്യാസത്തിനായി ആലപ്പുഴയില്‍നിന്ന്‌ കൊച്ചിയിലെത്തി. നേട്ടത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി കാർഷിക സർവകലാശാലാ വൈസ്‌ചാൻസലർ, ഔഷധി ചെയർമാൻ തുടങ്ങിയ പദവികളിലെത്തി. ഏൽപ്പിച്ച ചുമതലകളെല്ലാം വിജയത്തിലെത്തിച്ച വിശ്വംഭരന്‍ ആലപ്പുഴയുടെ അഭിമാനമായിരുന്നു. സാക്ഷരതാ പ്രവർത്തകനെന്ന നിലയിലും മികച്ച കലാസ്വാദകൻ എന്ന നിലയിലും ഖ്യാതി നേടി. Read on deshabhimani.com

Related News