ഹരിപ്പാടിന്‌ 194 കോടിയുടെ കിഫ്‌ബി പദ്ധതികൾ



തിരുവനന്തപുരം കിഫ്‌ബി പദ്ധതികളിൽ ഹരിപ്പാട്‌ മണ്ഡലത്തെ തഴഞ്ഞെന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വാദം തെറ്റ്‌. 194 കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിനായിമാത്രം അനുവദിച്ചിട്ടുണ്ടെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കിഫ്ബി പ്രവൃത്തികൾ ലഭിച്ചിട്ടില്ലെന്ന്‌ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.  ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ആറാട്ടുപുഴ, പതിയാങ്കര, വട്ടച്ചാൽ മേഖലകളിൽ കടൽഭിത്തി നിർമിക്കുന്നതിന് കിഫ്‌ബിയിൽനിന്ന്‌ 81 കോടി രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി. ജലസേചനവകുപ്പിനു കീഴിലെ കെഐഐടിസി പ്രവൃത്തി നടപ്പാക്കുന്നു. ഹരിപ്പാട് ഗവൺമെന്റ്‌ ഗേൾസ് ഹൈസ്കൂളിൽ അഞ്ച്‌ കോടിയിൽ കെട്ടിടം നിർമിക്കുന്നു.  79 ശതമാനം പൂർത്തിയായി. മം ഗലം ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്‌ മൂന്നുകോടി അനുവദിച്ചു. തീരമേഖലയിലെ കാർത്തികപ്പള്ളി ഗവൺമെന്റ്‌ യുപി സ്കൂളിന് രണ്ടുകോടി രൂപയും നീക്കിവച്ചതായി ജി സുധാകരൻ പറഞ്ഞു.   ഇലഞ്ഞിമേൽ–- ഹരിപ്പാട് റോഡിന്റെ (17 കോടി രൂപ) 98 ശതമാനം പ്രവൃത്തിയും കഴിഞ്ഞു. നങ്ങ്യാർകുളങ്ങര റെയിൽവേ ഓവർബ്രിഡ്ജിന് 37 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടിയും തുടങ്ങി. പള്ളിപ്പാട്–- കൊടുന്താർ മേൽപ്പാലം (44 കോടി രൂപ), വലിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂൾ, കാർത്തികപ്പള്ളി, ആയാപ്പറമ്പ് ഗവൺമെന്റ്‌ യുപി സ്കൂളുകൾക്ക്‌ ഒരുകോടി രൂപ വീതവും തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ഹരിപ്പാട് നഗരത്തിൽ ആധുനിക ശ്മശാനം നിർമിക്കുന്നതിന് 65 ലക്ഷം രൂപയും അനുവദിക്കാൻ തീരുമാനിച്ചു‌.   അമ്പലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശങ്ങളിൽ കിഫ്ബി പദ്ധതികൾ കുറവാണെന്ന ചെന്നിത്തലയുടെ ആക്ഷേപവും തെറ്റാണ്‌. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം, കടൽഭിത്തിനിർമാണം എന്നിവയ്ക്കായി 50 കോടി രൂപ നീക്കിവച്ചു. കിഫ്ബി ധനസഹായത്തോടെ നിർമിച്ച കേരളത്തിലെ ആദ്യത്തെ റോഡായ അമ്പലപ്പുഴ–- തിരുവല്ല റോഡിന്റെ അമ്പലപ്പുഴമണ്ഡലംഭാഗത്ത്‌ 40 കോടി രൂപ ചെലവഴിച്ചു. പഴനടക്കാവ് റോഡ് (20 കോടി രൂപ), ജില്ലാ കോടതി പാലം, നാലുചിറ പാലം എന്നിവയ്ക്കായി 40 കോടി രൂപയുമുണ്ട്‌. 150 കോടി രൂപയുടെ കിഫ്ബി പ്രവൃത്തി മണ്ഡലത്തിൽ ലഭിച്ചതായും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News