അറിവിന്റെ ധാരയൊരുക്കാൻ സ്‌ട്രീം ഇക്കോസിസ്‌റ്റം



ആലപ്പുഴ ഉന്നതവിദ്യാഭ്യാസമേഖലയുടെ പിന്തുണയോടെ പൊതുവിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ജില്ല. സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിയാണ് ‘സ്ട്രീം ഇക്കോസിസ്‌റ്റം’. ഇന്റർ ഡിസിപ്ലിനറി സമീപനത്തിലൂന്നി ക്ലാസ്റൂം പഠനത്തെ സമൂഹവുമായി ബന്ധപ്പെടുത്തി പഠനം കൂടുതൽ ആഴത്തിലും താൽപ്പര്യത്തിലുമാക്കുക. പാഠ്യ–- പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിവിധ ക്ലാസുകളിലെ ശാസ്‌ത്ര–- സാങ്കേതിക അറിവുകളെ ഒരുധാരയാക്കി കുട്ടികളിലെത്തിക്കുക എന്നിവയാണ് പദ്ധതിയിൽ വിഭാവനംചെയ്യുന്നത്. കുസാറ്റിന്റെ സാങ്കേതികസഹായവും മേൽനോട്ടവും ഉപകരണങ്ങളും പിന്തുണയും പദ്ധതിയിൽ ഉറപ്പാക്കും. ശാസ്ത്രീയവും പ്രായോഗികവും ഗവേഷണം മാർഗമാക്കുന്ന രീതി ഉന്നതവിദ്യാഭ്യാസ–- പൊതുവിദ്യാഭ്യാസ മേഖലകൾ ചേർന്ന്‌ സൃഷ്‌ടിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണ് സ്ട്രീം ഇക്കോസിസ്റ്റം. ജില്ലയിലെ 11 ബിആർസികളിലും പരീക്ഷണ–- ഗവേഷണ സംവിധാനങ്ങളുള്ള ‘സ്ട്രീം ഇക്കോസിസ്‌റ്റം’ ഹബ്ബുകൾ കേന്ദ്രീകരിച്ചാകും പ്രവർത്തിക്കുക. ബിആർസി പരിധിയിൽ മറ്റ് സ്‌കൂളുകളിൽ സ്ട്രീം സെന്ററുകളും ഉണ്ടാകും. ജില്ലയിൽ 2.20 കോടി രൂപ ചെലവഴിച്ചാണ്‌ ലാബുകൾ ഒരുക്കുന്നത്‌. ശാസ്‌ത്ര–-ഗണിത പരീക്ഷണങ്ങൾക്കൊപ്പം റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടക്കമുള്ള -നവശാസ്‌ത്രവിഷയങ്ങളിലേക്കും വിദ്യാർഥിയെ പദ്ധതി വഴിനടത്തും. ചേർത്തല ബിആർസിയിലെ പൊള്ളേത്തൈ ഗവ. എച്ച്‌എസിൽ സംസ്ഥാനത്തെ ആദ്യ സ്ട്രീം ഇക്കോസിസ്റ്റം സെന്റർ (സ്ട്രീം ഹബ്) 25ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. ജില്ലയിലെ മറ്റ്‌ സ്ട്രീം ഹബ്ബുകൾ മാർച്ച്‌ അവസാനത്തോടെ പ്രവർത്തനസജ്ജമാകും. പദ്ധതി പിന്നീട്‌ സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കും. എങ്ങനെ 
പ്രായോഗികമാകും  വിവിധ വിഷയങ്ങളിലെ സമാനവിഷയങ്ങളെ ഒരേ തീമുകളുടെ അടിസ്ഥാനത്തിലായിരിക്കും സമീപിക്കുക. കൂടാതെ, സമൂഹബന്ധിത പ്രവർത്തനങ്ങളും. ഉദാഹരണത്തിന്‌ കുടിവെള്ളത്തിന്റെ ശുദ്ധതയുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്ന ഒരു പ്രദേശത്തുനിന്ന്‌ വരുന്ന വിദ്യാർഥിക്ക്‌ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നത്‌ എങ്ങനെയെന്ന്‌ തൊട്ടടുത്തുനിന്ന്‌ മനസിലാക്കാനുള്ള ഭൗതികവും ശാസ്‌ത്രീയവുമായ പ്രാഥമിക അവസരം സെന്ററുകൾ നൽകും. Read on deshabhimani.com

Related News