ഒപ്പം കൂടാൻ പഠനസഹായി



തുറവൂർ ഓൺലൈൻ പഠനത്തിന്റെ പരിമിതികൾ അതിജീവിക്കാൻ പുതുമയാർന്ന പഠനപ്രവർത്തനവുമായി പട്ടണക്കാട് എസ്‌സിയു ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. കുട്ടികളിലെ മൊബൈൽഫോണിന്റെ അമിത ഉപയോഗം ഇല്ലാതാക്കുന്നതിനും വാട്സ് ആപ് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് സ്‌കൂൾ പഠനസഹായി തയ്യാറാക്കിയത്.   അഞ്ചുമുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക് എല്ലാ വിഷയങ്ങളുടേയും ആദ്യ ടേമിലെ മൂന്ന്‌ പാഠഭാഗങ്ങളുടെ പഠനപ്രവർത്തനങ്ങളാണ് പഠനസഹായിയിൽ. ഓൺലൈൻ പഠനത്തിലെ പരിമിതികൾ മറികടക്കാൻ സ്‌കൂളിലെ അധ്യാപകനും സ്‌റ്റാഫ് സെക്രട്ടറിയുമായ എൻ ജി ദിനേശ്കുമാറാണ് ആശയം മുന്നോട്ടുവച്ചത്. പിടിഎ യോഗം പിന്തുണച്ചതോടെ നടപടികൾ തുടങ്ങി. ഓൺലൈനായി ക്ലാസ് പിടിഎ ചേർന്നപ്പോഴും നല്ല പിന്തുണ ലഭിച്ചു. അധ്യാപകർ ഒരുമിച്ച് അതത് വിഷയങ്ങളിലെ നോട്ടും വർക്ക് ഷീറ്റും തയ്യാറാക്കി. ആദ്യഘട്ടത്തിൽ 10–-ാം ക്ലാസുകാർക്ക്‌ ഐടി ഒഴികെയുള്ള ഒമ്പത്‌ വിഷയങ്ങളിലും  ഒന്നാംടേമിലെ പഠനക്കുറിപ്പുകൾ തയ്യാറാക്കി. 160 പേജുകളുള്ള ബുക്ക്‌ലെറ്റ് 10–-ാം തരത്തിലെ 260 കുട്ടികൾക്ക് നൽകി. ഹിന്ദി, സംസ്‌ക‌ൃതം വിഷയങ്ങളിൽ ഡിടിപി ചെയ്യുന്നതിലെ താമസം കാരണം മുഴുവൻ കുട്ടികൾക്കും നൽകാനായില്ല. ഒരാഴ്‌ചയ്‌ക്കകം ഇവ 10–-ാം തരത്തിലെ എല്ലാ വിദ്യാർഥികൾക്കും നൽകും.   തുടർന്നുള്ള ദിവസങ്ങളിൽ അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾക്കും പഠനസഹായി നൽകും. സമാനരീതിയിൽ രണ്ടാം ടേമിലെ പുസ്‌തകങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണെന്ന്‌ ദിനേശ്കുമാർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിതരണം. തുറവൂർ ബിപിസി ശ്രീജ ശ്രീധരൻ  ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ്‌ എ എസ് രാജേഷ് അധ്യക്ഷനായി.എസ്എംസി ചെയർമാൻ പ്രസാദ്, ജിജി ജേക്കബ്, എസ് രാധ, ദിനേഷ്‌കുമാർ, സാബു ജോൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News