നഗരം ഇന്നുമുതൽ 
സിനിമാലഹരിയിൽ



ആലപ്പുഴ വെള്ളിയാഴ്‌ച ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്‌ 25 ചിത്രങ്ങൾ. ‘ദ ബ്ലൂ കാഫ്താൻ' ആണ്‌ ഉദ്ഘാടനചിത്രം. അറബി ഭാഷയിലുള്ള ഈ മൊറോക്കൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടിയും തിരക്കഥാകൃത്തുമായ മറിയം തൗസാനിയാണ്. 2022 -ലെ കാൻ ചലച്ചിത്രമേളയുടെ ഔദ്യോഗിക സെലക്ഷൻ വിഭാഗമായ അൺസേർട്ടൻ റിഗാർഡിൽ തെരഞ്ഞെടുത്ത  ചിത്രമാണിത്‌. മൊറോക്കോവിലെ പരമ്പരാഗത വസ്ത്രമായ കഫ്താൻ എന്ന നീലപ്പട്ടുടയാട തുന്നി വിൽക്കുന്ന മധ്യവയസ്‌ക ദമ്പതികളുടെ അടക്കിപ്പിടിച്ച തൃഷ്ണകളുടെ കഥ പറയുന്നു.    സാംസ്‌കാരികവകുപ്പിന്റെ ‘സമം' പദ്ധതിയുടെ ഭാഗമായി  ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 20 സിനിമയും അഞ്ച് ഡോക്യുമെന്ററിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  കാൻ, മ്യൂണിച്ച് മേളകളിൽ ഉൾപ്പെടെ 50-ലേറെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഷാർലറ്റ് വെൽസിന്റെ ‘ആഫ്റ്റർ സൺ', കാൻ, സാൻ സെബാസ്റ്റ്യൻ, ഷിക്കാഗോ ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ മേരി ക്രൂസ്റ്ററുടെ ‘കോർസാഷ്', ലൊകാർണോ മേളയിൽ ഗോൾഡൻ ലെപ്പേർഡ് പുരസ്‌കാരം നേടിയ ജൂലിയ മുറാറ്റിന്റെ ‘റൂൾ 34', ബെർലിൻ, സൺഡാൻസ് ഫെസ്റ്റിവലുകളിൽ അവാർഡുകൾ നേടിയ ‘ക്ലോൺഡിക്കെ' തുടങ്ങി ലോകസിനിമ വിഭാഗത്തിൽ 14 സിനിമ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ വിഭാഗത്തിൽ റിമാദാസിന്റെ ‘ടോറാസ് ഹസ്ബൻഡ്‌', അഞ്ജലി മേനോന്റെ ‘വണ്ടർവിമൻ' എന്നിവ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്രവികസന കോർപറേഷൻ വനിതാ സംവിധായികമാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച പുതിയ രണ്ട്‌ ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   ഇന്ദുലക്ഷ്മി സംവിധാനംചെയ്ത ‘നിള', ശ്രുതി ശാരണ്യത്തിന്റെ ‘ബി 32 ടു 44'എന്നിവയാണിവ. വി എസ് ഇന്ദു സംവിധാനംചെയ്ത 19 (1)(a ), രത്തീനയുടെ ‘പുഴു' എന്നീ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. അഞ്ച് ഡോക്യുമെന്ററികളുടെ പ്രദർശനവും  ഉണ്ടാവും. മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. 18 ന് രാത്രി ഏഴിന്‌ പിന്നണി ഗായിക പുഷ്പവതി അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും.   Read on deshabhimani.com

Related News