മുന്നൊരുക്കം 
ജനപങ്കാളിത്തത്തോടെ



  ആലപ്പുഴ ജില്ലയിൽ കാലവർഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ജനപങ്കാളിത്തത്തോടെ അടിയന്തരമായി പൂർത്തിയാക്കും. മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോ​ഗത്തിലാണ് തീരുമാനം. ഓൺലൈൻ യോഗത്തിൽ മന്ത്രി സജി ചെറിയാൻ പങ്കെടുത്തു.  മഴക്കെടുതിയും പ്രകൃതിക്ഷോഭവും നേരിടാൻ ദുരന്തനിവാരണ സംവിധാനം സജ്ജമാണ്. മഴ തുടങ്ങിയ സാഹചര്യത്തിൽ വാർഡ്തലംവരെ ജാഗ്രതാ  സംവിധാനം ശക്തമാക്കണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മണ്ഡലതലത്തിൽ എംഎൽഎമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി തുടർനടപടി സ്വീകരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തദ്ദേശസ്ഥാപനതലത്തിൽ യോഗം സംഘടിപ്പിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മന്ത്രിമാർ പൊതുസാഹചര്യം വിലയിരുത്തും.  സംഭരണം ഉടൻ പൂർത്തിയാക്കണം നെല്ലുസംഭരണം ഒരാഴ്‍ചയ്‍ക്കുള്ളിൽ പൂർത്തിയാക്കാൻ മന്ത്രി പി പ്രസാദ് നിർദേശിച്ചു. സംഭരണത്തിന് ഇടനിലക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ മില്ലുകാരോട് നിർദേശിച്ചിട്ടുണ്ട്. അനാവശ്യ ഇടപെടൽ നടത്തുന്ന ഇടനിലക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കണം. വൈദ്യുതിവിതരണം തടസപ്പെട്ടാൽ സമയബന്ധിതമായി പുനഃസ്ഥാപിക്കണം. മഴക്കാലപൂർവ ശുചീകരണം ഊർജിതമാക്കണം. പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണം.  ക്യാമ്പുകൾ ഒരുക്കുമ്പോൾ ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കണമെന്നും ക്രമീകരണങ്ങൾ പ്രാദേശിക തലത്തിൽ മുൻകൂട്ടി ഏർപ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകളും മറ്റും ജനപങ്കാളിത്തത്തോടെ ശുചീകരിക്കണം. അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുനീക്കണം. മന്ത്രി പറഞ്ഞു.  നിലവിലെ ക്രമീകരണങ്ങൾ കലക്‍ടർ ഡോ. രേണു രാജ് വിശദീകരിച്ചു. ആവശ്യം വരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളാക്കുന്നതിന് 430 താൽക്കാലിക കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം, ചെറുതന പഞ്ചായത്തുകളിൽ സൈക്ലോൺ ഷെൽറ്ററുകൾ സജ്ജമാണ്. പാടശേഖര സമിതികളുടേതുൾപ്പെടെയുള്ള പമ്പ് സെറ്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു. എ എം ആരിഫ് എംപി, എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച് സലാം, രമേശ് ചെന്നിത്തല, ദലീമ ജോജോ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശ സി ഏബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News