പൊലീസുകാരന്‌ സസ്‌പെൻഷൻ



  ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്‌സിൽ ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും മരിച്ച കേസിൽ അറസ്‌റ്റിലായ പൊലീസുകാരന്‌ സസ്‌പെൻഷൻ. ആലപ്പുഴ മെഡിക്കൽ കോളേജ് പൊലീസ് എയ്ഡ്പോസ്‌റ്റിലെ സിപിഒ റെനീസിനെയാണ്‌ (32) സസ്‌പെൻഡ്‌ ചെയ്‌തത്‌. കഴിഞ്ഞ 10നാണ് റെനീസിന്റെ ഭാര്യ നജ്‍ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  മൂത്തമകൻ ടിപ്പുസുൽത്താന്റെ കഴുത്തിൽ ഷാൾമുറുക്കിയും ഒന്നേകാൽ വയസുള്ള ഇളയകുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‍ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചെന്നാണ്‌ നിഗമനം. ആത്മഹത്യാപ്രേരണ, സ്‌ത്രീപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത റെനീസ്‌ റിമാൻഡിലാണ്‌. ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ തിങ്കളാഴ്‍ച കോടതിയിൽ അപേക്ഷ നൽകുമെന്ന്‌ സൗത്ത് പൊലീസ് അറിയിച്ചു. റെനീസിന്റെ മാനസിക- ശാരീരിക പീഡനമാണ്‌ യുവതിയുടെ മരണത്തിന്‌ കാരണമെന്ന്‌ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത്‌ ശരിവയ്‌ക്കുന്നതാണ്‌ റിമാൻഡ്‌ റിപ്പോർട്ട്‌. 10 വർഷം മുമ്പ് നടന്ന വിവാഹത്തിന് സ്‌ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നൽകി. കൂടുതൽ പണം ആവശ്യപ്പെട്ട് നജ്‍ലയെ റെനീസ് പീഡിപ്പിച്ചിരുന്നു.  പണം ആവശ്യപ്പെട്ട് പലതവണ നജ്‍ലയെ വീട്ടിലേക്ക് പറഞ്ഞയച്ചു. പലപ്പോഴായി വൻതുക റെനീസിന് നജ്‍ലയുടെ വീട്ടുകാർ നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. മറ്റ്‌ സ്‍ത്രീകളുമായും റെനീസിന് ബന്ധമുണ്ടായിരുന്നു. ബന്ധുവായ സ്‌ത്രീയെ വിവാഹം കഴിക്കാൻ നജ്‍ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു. റെനീസിന്റെ ഫോൺവിളികളെച്ചൊല്ലി തർക്കവും വഴക്കും പതിവായിരുന്നു. Read on deshabhimani.com

Related News