സെെബർ സെല്ലിന് ബ്രിട്ടീഷ് പൊലീസിന്റെ ബിഗ് സല്യൂട്ട്

നഷ്ടപ്പെട്ട ഐ- ഫോൺ എലനോർ ബൻടൻ സൈബർ സെൽ സബ്‌ ഇൻസ്പെക്ടർ 
കെ അജിത്ത്കുമാറിൽനിന്ന് സ്വീകരിക്കുന്നു


ആലപ്പുഴ ബ്രിട്ടീഷ്‌ പൊലീസ് സേനയിലെ ഉദ്യോഗസ്ഥൻ അടങ്ങുന്ന വിദേശ സംഘത്തിന്റെ ഒരു ലക്ഷം രൂപയുടെ ഐ- ഫോൺ നഷ്ടപ്പെടുന്നു. ആലപ്പുഴ സൈബർ സെൽ ഉണർന്നു. കൃത്യമായ ആസൂത്രണത്തോടെ അന്വേഷണം. നഷ്ടപ്പെട്ട ഫോൺ മണിക്കൂറുകൾക്കുള്ളിൽ ഇംഗ്ലീഷ്‌ വനിതയുടെ കൈയിലേക്ക്‌. ഇത്‌ താൻഡാ കേരള പൊലീസ്‌ എന്ന്‌ എങ്ങനെ പറയാതിരിക്കും.       ആലപ്പുഴ കാണാനെത്തിയ ബ്രിട്ടീഷ്‌ പൊലീസ് സേനയിലെ ഉദ്യോഗസ്ഥൻ നിയാലും സുഹൃത്ത്‌ എലനോർ ബൻടനും  കേരള പൊലീസിന്റെ മിടുക്കിന്‌ സല്യൂട്ട്‌ നൽകി.  ആലപ്പുഴ ബീച്ചിൽനിന്ന്‌ തിരികെപ്പോരുമ്പോഴാണ് തന്റെ ഐ- ഫോൺ നഷ്ടപ്പെട്ട വിവരം എലനോർ ബൻടൻ അറിയുന്നത്. ഉടൻ ബൻടനും സുഹൃത്തും ആലപ്പുഴ സൈബർ സെല്ലിലെത്തി വിവരം പറഞ്ഞു. സൈബർ സെല്ലിലെ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന്‌ കണ്ടെത്തി. ഇതോടെ  ഇൻസ്പെക്ടർ കെ പി വിനോദ്‌  നിയാലിൽനിന്ന്‌ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മുല്ലയ്ക്കലിൽ നിന്നും ഓട്ടോറിക്ഷയിലാണ് ഇരുവരും ആലപ്പുഴ ബീച്ചിൽ എത്തിയതെന്ന് അറിഞ്ഞു. ഇതോടെ സൈബർ സെല്ലിലെ അഭിജിത്തും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ ബിനോജും പൊലീസ് കൺട്രോൾ റൂമിലെ സിസിടിവി  ദൃശ്യങ്ങൾ പരിശോധിച്ചു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ച് ഏകദേശ ധാരണ കിട്ടിയെങ്കിലും നമ്പർ വ്യക്തമല്ലാത്തത്‌ കുഴക്കി.  നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് അടുത്ത നീക്കം.  നൂറോളം ഓട്ടോറിക്ഷകൾ പരിശോധിച്ചു. മൂന്നു മണിക്കൂർ പരിശ്രമത്തിനൊടുവിൽ നഗരത്തിലോടുന്ന ഒരു ഓട്ടോയുടെ സീറ്റിനിടയിൽനിന്ന്‌ ഫോൺ കണ്ടെത്തി.  ബൻടനും സുഹൃത്തും  സൈബർ സെൽ സബ്‌ ഇൻസ്പെക്ടർ കെ അജിത്ത്കുമാറിൽനിന്ന്‌ ഫോൺ ഏറ്റുവാങ്ങി. Read on deshabhimani.com

Related News