കള്ളനോട്ട്‌ വിതരണത്തിന്‌ വമ്പന്മാര്‍



ആലപ്പുഴ ആലപ്പുഴയിൽ കള്ളനോട്ട്‌  മാറാൻ ഉപയോഗിച്ചവരിൽ കൃഷി ഓഫീസറും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുംമുതൽ മത്സ്യവ്യാപാരികൾവരെ. കായംകുളത്തും ആലപ്പുഴയിലും കള്ളനോട്ട്‌ വിതരണം ചെയ്തതിന്‌ പിന്നിൽ ഒരുസംഘമാണെന്ന്‌ സ്ഥിരീകരിച്ചതോടെയാണ്‌ ചിത്രം കൂടുതൽ വ്യക്തമാകുന്നത്‌. സിസിടിവിയും നോട്ടെണ്ണൽ യന്ത്രവും ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലും മറ്റ്‌ ചെറിയ ആവശ്യങ്ങൾക്കും ഉപയോഗിച്ച്‌ വ്യാജനോട്ടുകൾ മാറിയെടുക്കണം തുടങ്ങിയ  നിർദേശമുള്ള ‘റൂൾബുക്കും’ നൽകിയതായും സൂചനയുണ്ട്‌. കഴിഞ്ഞ ഒക്‌ടോബറിലാണ്‌ കായംകുളത്ത്‌ കള്ളനോട്ടുകൾ പിടിച്ചെടുത്തത്‌.  തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ കായംകുളത്തും പരിസരപ്രദേശങ്ങളിലും കള്ളനോട്ട് വിതരണക്കാരായി കണ്ടെത്തിയവർ വൻതോതിൽ സാമ്പത്തിക ഇടപെടലുകൾ നടത്തിയിരുന്നവരാണ്‌എന്ന്‌ കണ്ടെത്തി. കള്ളനോട്ടുകൾ എളുപ്പത്തിൽ മാറിയെടുക്കാനും സംശയത്തിന്‌ അതീതരായിരിക്കാനും ഇതിലൂടെ കഴിഞ്ഞു. വവ്വാക്കാവിലെ വ്യവസായിയും കശുവണ്ടി ഫാക്ടറിയുടമയുമായ ജയചന്ദ്രൻ ഫാക്ടറിയിലെ തൊഴിലാളികൾക്ക്‌ വേതനമായും വ്യാപാരത്തിനും കള്ളനോട്ടുകൾ ഉപയോഗിക്കാനുള്ള സാധ്യതയും പൊലീസ്‌ പരിശോധിച്ചിരുന്നു. കായംകുളം കീരിക്കാട് കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയപറമ്പിൽ  നൗഫലും പുത്തേത്ത് ബംഗ്ലാവിൽ ജോസഫും കമീഷൻ കടയിലെ മത്സ്യ ഇടപാടുകാരാണ്‌. ചങ്ങൻകുളങ്ങര മുറിയിൽ കോലേപ്പള്ളിൽ മോഹനൻ വ്യാപാരിയും. ഇവർ ഇവരുടെ വ്യാപാരമേഖലയിലും വ്യാജ നോട്ടുകൾ ചെലവഴിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഡിസംബറിൽ ചാരുംമൂട്ടിൽ കള്ളനോട്ട്‌ കേസിൽ കൊല്ലം ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസിനെയും (45) ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49) നെയും പിടികൂടി. ചുനക്കര കോമല്ലൂരിൽ ഹോട്ടൽ നടത്തിയിരുന്നയാളാണ്‌ രഞ്ജിത്‌.  ഇരുവർക്കും റിയൽ എസ്‌റ്റേറ്റിലും ഇടപാടുകളുണ്ടായിരുന്നു. ആലപ്പുഴയിൽ പിടികൂടിയ കൃഷി ഓഫീസർക്ക്‌ പുറമേ കഴിഞ്ഞ ദിവസം പിടിയിലായ തൃക്കുന്നപ്പുഴ പല്ലന മുറിയില്‍ മാവുന്നയില്‍ വീട്ടില്‍ അനിൽകുമാറും വണ്ടാനത്ത്‌ മെഡിക്കൽ ക്യാന്റിനും കാർത്തികപ്പള്ളിയിൽ ഹോട്ടലും നടത്തുന്ന ആളാണ്‌. കാർത്തികപ്പള്ളി മഹാദേവികാട്‌ വലിയകുളങ്ങര ക്ഷേത്രത്തിന്‌ സമീപമാണ്‌ ഇയാളുടെ ഹോട്ടൽ. Read on deshabhimani.com

Related News