കല്ലുമല റെയില്‍വേ മേല്‍പ്പാലം: 
പ്രാഥമിക വിജ്ഞാപനമായി



മാവേലിക്കര കിഫ്ബി വഴി 38.22 കോടി ചെലവഴിച്ച് സംസ്ഥാന സർക്കാർ നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലം പദ്ധതി ഭൂമി ഏറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. പൊന്നും വിലയ്‌ക്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുള്ള ഭൂമിയിൽ അവകാശ താൽപ്പര്യമുള്ള എല്ലാവരും വിജ്ഞാപനം പ്രസിദ്ധീകരിക്കപ്പെട്ട തീയതി മുതൽ 15 ദിവസത്തിനുള്ളിൽ പരാതിയുണ്ടെങ്കിൽ രേഖാമൂലം കായംകുളം എൽഎ (കിഫ്ബി) സ്‌പെഷ്യൽ തഹസിൽദാർ മുമ്പാകെ ബോധിപ്പിക്കണം. വിജ്ഞാപനത്തെത്തുടർന്നുള്ള നടപടി ക്രമങ്ങൾക്കുശേഷം നഷ്ടപരിഹാര പാക്കേജിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. എറണാകുളം കളമശേരി രാജഗിരി ഔട്ട് റീച്ച് തയാറാക്കിയ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് വിദഗ്ധസമിതി അംഗീകരിച്ചിരുന്നു. കരട് റിപ്പോർട്ടിൻമേലുള്ള പൊതുവാദവും പ്രതിഷേധങ്ങളില്ലാതെ നടന്നു. പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കൽ ബാധിക്കുന്ന ഭൂമിയുടെയും സ്ഥാപനങ്ങളുടെയും വീടുകളുടെയും ഉടമകളുടെ പരാതികളും നിർദേശങ്ങളും പരിഗണിച്ചശേഷമാണ് പഠന റിപ്പോർട്ട് വിദഗ്ധസമിതിക്ക്‌ മുന്നിലെത്തിയത്. ഏറ്റെടുക്കുന്ന ഭൂമിയിൽ 36 പുരയിടങ്ങളും ആറ്‌ പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്നു. പുതിയ കാലത്തിനും ആവശ്യത്തിനും അനുസരിച്ചുള്ള, ഇടതുസർക്കാരിന്റെ വികസനനയത്തിന്റെയും ഇച്ഛാശക്തിയുടെയും തെളിവാണ് മേൽപ്പാലമെന്ന് എം എസ്‌ അരുൺകുമാർ എംഎൽഎ പറഞ്ഞു. മാവേലിക്കരയുടെ സമഗ്രവികസന ചരിത്രത്തിൽ കല്ലുമല റെയിൽവേ മേൽപ്പാലം നാഴികക്കല്ലാകും.  പദ്ധതി അതിവേഗത്തിൽ പൂർത്തീകരിക്കാനുള്ള തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News