കലക്‍‍ടര്‍ സ്ഥലം സന്ദര്‍ശിച്ചു



ആലപ്പുഴ ജില്ലാക്കോടതി പാലം പുനർനിർമിക്കുമ്പോൾ പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങൾ നിലനിർത്തി നിർമാണം നടത്താനാകുമോയെന്ന സാധ്യത പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി കലക്‌ടർ എ അലക്‌സാണ്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.   എസ്‌ഡിവി സ്‌കൂൾ, നഗരസഭാ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ ഭാഗത്താണ്‌ ശനിയാഴ്‌ച പരിശോധന നടത്തിയത്‌. ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ ഒരു മീറ്ററോളം സ്ഥലമാണ്‌ ആവശ്യമായി വരുന്നത്‌. കെട്ടിടം പൊളിക്കാതെ തന്നെ നിലനിർത്താനാകുമോ എന്ന സാധ്യത പരിശോധിക്കാനാണ്‌ എത്തിയതെന്ന്‌ കലക്‌ടർ അറിയിച്ചു. എംഎൽഎമാരെയടക്കം ഉൾപ്പെടുത്തി ബുധനാഴ്‌ച നഗരസഭ  യോഗം വിളിച്ചിട്ടുണ്ട്‌.  അതിനു ശേഷമാണ്‌ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.  17, 18 തീയതികളിൽ സ്ഥലമെടുപ്പും പുനരധിവാസവുമായി ബന്ധപ്പെട്ട്‌ ആലപ്പുഴ എസ്‌ഡിവി സെന്റിനറി ഹാളിൽ  സ്ഥലമേറ്റടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്‌ടറുടെ നേതൃത്വത്തിൽ ഹിയറിങ്‌ നടത്തും. രാവിലെ 10 മുതൽ വൈകിട്ട്‌ നാലുവരെയാണ്‌ സമയം. ആറുവശത്തേക്കും പോകാൻ കഴിയുന്ന റൗണ്ട്‌ എബൗട്ട്‌ സംവിധാനത്തോടെയാണ്‌ പുതിയ പാലം വരുന്നത്‌. 98.16 കോടിയാണ്‌ ചെലവ്‌. 258 സെന്റ്‌ സ്ഥലമാണ്‌ ആകെ ഏറ്റെടുക്കേണ്ടത്‌. സ്ഥലം വിട്ടുനൽകുന്നവർക്കുള്ള  പുനരധിവാസ പാക്കേജിന്റെ കരടും പ്രസീദ്ധികരിച്ചു. 59 പേർക്കായി 25.48 ലക്ഷം രൂപയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.  വാടകക്കാർക്കും പുറമ്പോക്കിൽ കഴിയുന്നവർക്കും ഗുണം ലഭിക്കും. കൈത്തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും 50,000 രൂപയാണ്‌ ഒറ്റത്തവണ സഹായമായി ലഭിക്കുക. ജോലി നഷ്‌ടമാകുന്ന തൊഴിലാളികൾക്ക്‌ പ്രതിമാസം 6000 എന്ന‌ നിലയിൽ കണക്കാക്കി 36,000 രൂപയും പുറമ്പോക്കിൽ നിന്ന്‌ കുടിയൊഴിപ്പിക്കുന്നവർക്ക്‌ ആറുമാസത്തേക്ക്‌ 5000 രൂപ ക്രമത്തിൽ 30,000 രൂപയും നൽകും. കുടിയൊഴിപ്പിക്കേണ്ട വാടകക്കാർക്കുള്ള ഒറ്റത്തവണ സഹായം 20,000. കുടിയൊഴിപ്പിക്കപ്പെട്ട വാടകകാർക്ക്‌ ഒറ്റത്തവണ സഹായം 25,000 രൂപ എന്നിങ്ങനെയാണ്‌ പാക്കേജ്‌. പരാതിയുണ്ടെങ്കിൽ ഹിയറിങ്ങിൽ  അറിയിക്കാനും കഴിയും. Read on deshabhimani.com

Related News