ഓർക്കുക ഇന്നാണ്‌ ആഗോള കൈകഴുകൽദിനം



ആലപ്പുഴ കോവിഡ്‌ മഹാമാരിക്കും എത്രയോമുമ്പ് കൈകഴുകലിന്റെ പ്രധാന്യത്തെക്കുറിച്ച്‌ പ്രാഥമിക ക്ലാസുകൾ മുതൽ കുട്ടികൾ പഠിക്കുന്നു.  ഓർക്കുക, ആഗോള കൈകഴുകൽ ദിനവുമുണ്ട്‌. ഒക്‌ടോബർ‌ 15 ആണ്‌ ആഗോളകൈകഴുകൽദിനം. സിവിൽ സർവീസ്‌ പരീക്ഷയ്‌ക്കുവരെ ചോദ്യമാകാവുന്ന നിലയിൽ ഇന്ന്‌ കൈകഴുകൽദിനം വളർന്നു.  ഈ മഹാമാരിക്കും 12 വർഷംമുമ്പേമുതൽ ഈദിനം ലോകമാകെ ആചരിച്ചുവെന്നതും കൗതുകം.  2008 മുതലാണ്‌ ഈ ദിനം ആചരിച്ചുവരുന്നത്‌. ജീവഹാനിയുണ്ടാക്കുന്ന നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും ലഘുവായതും ഫലപ്രദവുമായ മാർഗമാണ് ശരിയായ കൈകഴുകൽ. വയറിളക്കം മുതൽ കൊറോണയെ പ്രതിരോധിക്കാൻവരെ ഇത്‌ പ്രതിരോധമൊരുക്കുന്നു. രോഗകാരികളായ കീടാണുക്കൾ മലിനമായ കൈകളിലൂടെ ശരീരത്തിൽ കടുന്നുകൂടിയാണ്‌ രോഗങ്ങളുണ്ടാക്കുന്നത്‌. എല്ലാവർക്കും  ഇതൊക്കെ അറിയാം. എന്നാൽ കോവിഡിനും‌ മുമ്പ്‌ എത്രപേർ ശരിയായി കൈകഴുകിയിട്ടുണ്ട്‌. ഇപ്പോഴും കഴുകുന്നുണ്ടോ.  രോഗാണുക്കളെ പ്രതിരോധിക്കണമെങ്കിൽ ശാസ്‌ത്രീയമായി കൈ കഴുകേണ്ടതുണ്ട്. 20 മുതൽ 40 സെക്കൻഡ്‌ വരെയെങ്കിലും സമയമെടുത്ത് സോപ്പ് നന്നായി പതപ്പിച്ച് കൈകൾ വൃത്തിയാക്കണം. ഉള്ളംകൈ, കൈകളുടെ പുറംഭാഗം, വിരലുകൾക്കിടയിൽ, നഖങ്ങൾ ഉരച്ച് കൈത്തണ്ടവരെ വൃത്തിയായി കഴുകുമ്പോഴാണ് കൈകഴുകലിന്റെ പ്രയോജനം ഉണ്ടാകുന്നത്.  കുഞ്ഞുങ്ങളെ പരിപാലിക്കുന്ന അമ്മമാർ പാലൂട്ടുന്നതിന് മുമ്പും ശരിയായി കൈകഴുകണം.  നവജാത ശിശുക്കളെ എടുത്ത് ലാളിക്കുന്നതിനു മുമ്പും കൈകൾ ശരിയായി കഴുകണം.  സോപ്പുപയോഗിക്കാതെ വിരലുകൾ ഉള്ളംകൈയിലുരച്ച് പെട്ടെന്ന് കഴുകിയാൽ കൈകൾ അണുവിമുക്തമാകുമെന്ന തെറ്റിദ്ധാരണ നമുക്കുണ്ട്. അങ്ങനെ കഴുകുന്നതുമൂലം രോഗാണുക്കളെ തുരത്തി പ്രതിരോധം സാധ്യമാക്കുക എന്ന ലക്ഷ്യം നേടുന്നില്ല എന്നതാണ് വാസ്‌തവം.  കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ആയുധവും കൈകഴുകൽതന്നെ . Read on deshabhimani.com

Related News