ടൂറിസം സാധ്യതകളുമായി ജലഗതാഗതവകുപ്പ്

എന്റെ കേരളം പ്രദർശന-‑വിപണന മേളയിലെ ജലഗതാഗത വകുപ്പിന്റെ സ്‍റ്റാൾ


ആലപ്പുഴ കുട്ടനാടൻ മേഖലയിലെ യാത്രാബോട്ടുകളുടെ ടൂറിസംമേഖലയിലെ സാധ്യതകളാണ് എന്റെ കേരളം പ്രദർശന–-വിപണന മേളയിൽ ജലഗതാഗതവകുപ്പ്‌ സന്ദർശകർക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നത്. ചെലവ്‌ കുറഞ്ഞ വിനോദസഞ്ചാര അനുഭവങ്ങളിലേക്കാണ് വകുപ്പ് സന്ദർശകരെ ക്ഷണിക്കുന്നത്. ഉൾനാടൻ ജലഗതാഗതത്തോടൊപ്പം ടൂറിസത്തെയും ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘സീ കുട്ടനാട്’ പദ്ധതി വകുപ്പ് നടപ്പാക്കുന്നത്.        ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന്‌ യാത്ര ആരംഭിക്കുന്ന സീ കുട്ടനാട് ബോട്ടുകൾ നെഹ്റുട്രോഫി വള്ളംകളി സ്‌റ്റാർട്ടിങ്‌ പോയിന്റിലൂടെ സഞ്ചരിച്ച് കൈനകരിവഴി ആലപ്പുഴയിൽ മടങ്ങിയെത്തും. രണ്ട്‌  മണിക്കൂർ കായൽ യാത്രയ്‌ക്ക് 60 രൂപ മാത്രമാണ് ഈടാക്കുന്നത്‌. രാവിലെ 5.50 മുതൽ അഞ്ച്‌  സർവീസുകളാണുള്ളത്. വേഗ ടു ആണ് വിനോദസഞ്ചാര മേഖലയിലെ മറ്റൊരു സർവീസ്. ദിവസവും പകൽ 11.30ന് ആലപ്പുഴയിൽനിന്ന്‌ പുറപ്പെട്ട് നെഹ്റുട്രോഫി വള്ളംകളി പോയിന്റിലൂടെ പുന്നമട, സായി, വേമ്പനാട് കായൽ, മുഹമ്മ വഴി പാതിരാമണൽ ദ്വീപിലേക്ക്‌ 50 കിലോമീറ്ററാണ്‌ കായൽ യാത്ര.        കുടുംബശ്രീയുടെ നാടൻ ഭക്ഷണവും ബോട്ടിലുണ്ട്. 120 സീറ്റാണുള്ളത്. അവധിക്കാലമായതോടെ ബോട്ടിൽ വൻതിരക്കാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് നിലവിൽ യാത്രാസൗകര്യം. Read on deshabhimani.com

Related News