പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ
പിടിയില്‍

പ്രതികളായ സന്തോഷും അജിരാജും


മാവേലിക്കര യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച്‌ രക്ഷപ്പെട്ട പ്രതികളെ രണ്ടര മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. വെട്ടിയാർ ടി എം വർഗീസ് മെമ്മോറിയൽ സ്‌കൂളിന് സമീപം പ്രവീൺഭവനത്തിൽ പ്രവീണിനെ (25) വെട്ടിപ്പരിക്കേൽപ്പിച്ച്‌ കടന്ന പ്രതികളെയാണ്‌ ശാസ്‌ത്രീയവും സമയോചിതവുമായ ഇടപെടലിലൂടെ പൊലീസ്‌ പിടികൂടിയത്‌.  ഇതോടെ ആക്രമണത്തിനുശേഷം മുംബൈക്ക്‌ രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമവും പരാജയപ്പെടുത്തി. പത്തനംതിട്ട മെഴുവേലി കിഴക്കേചരുവിൽ അജിരാജ് (36), ചിറ്റാർ ശ്രീകൃഷ്‌ണപുരം മുക്കർണത്ത് സന്തോഷ് (42) എന്നിവരാണ് അറസ്‌റ്റിലായത്. വെള്ളി രാവിലെ 8.45നാണ്‌ സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പ്രവീണിനെ പ്രതികൾ നീളമുള്ള കത്തികൊണ്ട്‌ വെട്ടിപ്പരിക്കേൽപ്പിച്ച്‌ ബൈക്കിൽ കടന്നു.  വിവരമറിഞ്ഞെത്തിയ കുറത്തികാട് എസ്‌ഐ കെ സുനുമോൻ പ്രവീണിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിക്ക്‌ പോകുന്ന വഴി പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ്‌ മൊബൈൽ നമ്പർ പിന്തുടർന്ന്‌ പത്തനംതിട്ടയിലേക്ക്‌ പുറപ്പെട്ടു.   മെഴുവേലിയിലെ ബാറിന്‌ മുന്നിൽ പകൽ 11 ന്‌ പ്രതികളെ പിടികൂടി. ആക്രമണശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ശ്രമം. പ്രതികളെ റിമാൻഡ് ചെയ്‌തു. ഡിവൈഎസ്‌പി ഡോ. ആർ ജോസിന്റെ നിർദേശപ്രകാരം കുറത്തികാട് സിഐ എസ് നിസാം, എസ്‌ഐ സുനുമോൻ, എഎസ്‌ഐ രാജീവ്, എസ്‌സിപിഒമാരായ ഗംഗ പ്രസാദ്, രഞ്‌ജിത്ത് എന്നിവർ നേതൃത്വംനൽകി. Read on deshabhimani.com

Related News