കുറ്റപത്രം ഉടൻ സമർപ്പിക്കും



കായംകുളം സിപിഐ എം അംഗവും സന്നദ്ധപ്രവർത്തകനുമായിരുന്ന  വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ  കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി വരികയാണെന്നും  പഴുതുകൾ അടച്ച കുറ്റപത്രമാണ്‌ തയ്യാറാക്കുന്നതെന്നും ഡിവൈഎസ്‌പി അലക്‌സ്‌ ബേബി പറഞ്ഞു. റിമാൻഡ് കാലാവധിക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കും.  സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സർക്കാരിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യപ്രതികളായ എരുവ സക്കീന മൻസിലിൽ വെറ്റമുജീബ്, ഫസീല മൻസിലിൽ വിളക്ക് ഷഫീഖ്‌ എന്നിവർ റിമാൻഡിലാണ്‌.  ഇവരെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങുകയും സംഭവസ്ഥലത്ത്  തെളിവെടുക്കുകയുംചെയ്‌തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി എരുവ കോയിക്കൽപ്പടി ജങ്ഷന്‌ സമീപത്തെ പൊന്തക്കാട്ടിൽനിന്ന്‌ കണ്ടെത്തി. കൊലയ്‌ക്കുശേഷം ഒളിവിൽ പോയ ഷെഫീഖിനെ കരീലക്കുളങ്ങരയിൽനിന്നും വെറ്റമുജീബിനെ കോട്ടയം മെഡിക്കൽ കോളജിൽനിന്നും പൊലീസ് ദിവസങ്ങൾക്കുള്ളിൽത്തന്നെ പിടികൂടി.  ആഗസ്‌ത്‌ 18ന് രാത്രിയിലാണ് കോൺഗ്രസ്‌ ക്രിമിനൽസംഘം സിയാദിനെ കൊലപ്പെടുത്തിയത്‌. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം എത്തിച്ച ശേഷം സുഹ‌ൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങിയ സിയാദിനെ എംഎസ്എം സ്‌കൂളിന് സമീപം ആസൂത്രിതമായി ബൈക്കിൽ എത്തിയ ക്രിമിനൽസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.  വിളക്ക് ഷഫീക്കിനോടൊപ്പം ബൈക്കിൽ എത്തിയ വെറ്റ മുജീബാണ്‌ സിയാദിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം എരുവ കോയിക്കൽ പടിക്കൽ ജങ്‌ഷന് സമീപം എത്തിയ ഇവർ വി ടോബഫൈസൽ, അൻവർഷ, അബ്‌ദുൽറഹ്മാൻ, അബുമോൻ, ഷാമോൻ, തക്കാളി ആഷിഖ് എന്നിവരുമായി ചേർന്ന് സിയാദിന്റെ സുഹ‌ൃത്തുക്കളെയും കൊലപ്പെടുത്താനും ശ്രമിച്ചു. ഇവരും റിമാൻഡിലാണ്.    കൊലപാതകത്തിനുശേഷം പ്രതി വെറ്റമുജീബിനെ കോൺഗ്രസ്‌ ഡിസിസി അംഗവും നഗരസഭാ കൗൺസിലറുമായ കാവിൽ നിസാം സ്വന്തം സ്‌കൂട്ടറിൽ കയറ്റിയാണ് രക്ഷപ്പെടുത്തിയത്. കേസിലെ മൂന്നാം പ്രതിയായ നിസാമിനെയും പൊലീസ് അറസ്‌റ്റ്‌ചെയ്‌തിരുന്നു.   Read on deshabhimani.com

Related News