പ്രതിരോധിക്കാം പൊലീസ്‌ ചിട്ടയിൽ

എന്റെകേരളം പ്രദർശന വിപണനമേളയിൽ 
 പൊലീസ് ഒരുക്കിയ സ‍്ത്രീ സുരക്ഷ സ്വയംരക്ഷ 
 പരിശീലനത്തിൽനിന്ന്


ആലപ്പുഴ സ്‌ത്രീകൾക്ക്‌ സ്വയം രക്ഷനേടാനുള്ള മാർ​ഗങ്ങൾ വിശദീകരിച്ച്‌  ജില്ലാ പൊലീസിന്റെ സ്‍ത്രീ സുരക്ഷ പരിശീലന പരിപാടി. ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലാണ് ജില്ലാ പൊലീസ് പരിശീലനം. സ്‍ത്രീകൾക്ക്‌ ആക്രമണങ്ങളിൽനിന്ന്‌ സ്വയം രക്ഷനേടാൻ മാർ​ഗങ്ങൾ പൊലീസുകാർ പറഞ്ഞും കാണിച്ചും തരും.  കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടത്തുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാ​ഗമാണ് മേളയിലെ സ്‌റ്റാൾ.   ലൈം​ഗികാതിക്രമം, ആസിഡ് ആക്രമണം, ബാ​ഗ് തട്ടിപ്പറിക്കൽ ശ്രമം, മാല പൊട്ടിക്കൽ, എടിഎം കൗണ്ടറിലെ ആക്രമണം തുടങ്ങി വിവിധതരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ  പഠിക്കാം.  പ്രത്യേക പരിശീലനം നേടിയ ആറുപേരടങ്ങുന്ന സംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്. സ്‍കൂൾ, കോളേജ്, കുടുംബശ്രീ, വായനശാല, ക്ലബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലും ഇവർ പരിശീലനം നൽകുന്നുണ്ട്.    20 മണിക്കൂർ കോഴ്‍സിൽ നിയമ ബോധവൽക്കരണം, മൊബൈൽ ഫോൺ ഉപയോ​ഗം, പോക്‍സോ നിയമം തുടങ്ങിയവയേക്കുറിച്ചും അറിയാം. എളുപ്പത്തിൽ പഠിക്കാവുന്ന കായിക പരിശീലനവും നൽകും.  സ്‍ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തുമെത്തി സൗജന്യമായി പരിശീലിപ്പിക്കും.    എഎസ്ഐ സുലേഖ പ്രസാദിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ പ്രീത, ദീപ, അനിത, സിപിഒ ജ്യോതി എന്നിവരാണ് സ്‌റ്റാളിൽ. Read on deshabhimani.com

Related News