കുളവാഴ കളയേണ്ട; തണ്ടുണക്കി കയറ്റി അ‌യക്കാം കാശുവാരാം



  ആലപ്പുഴ കനാലുകളിലെ കുളവാഴത്തണ്ട് ഇനി തലവേദനയാകില്ല. തണ്ട് ഉണക്കി കയറ്റി അയക്കാൻ നഗരസഭ പദ്ധതി ആരംഭിച്ചതോടെ ഇതുവരെ ശല്യമായിരുന്ന കുളവാഴയ്‌ക്ക്‌ വിലയേറി. കുളവാഴ ശേഖരിച്ച് നൽകുന്നവർക്ക്  പണം നൽകും. പായൽ വാരുന്നവര്‍ക്ക് വരുമാനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും നഗരസഭയുടെ പദ്ധതിക്കാകും.                       ഉണക്കിയെടുക്കുന്ന കുളവാഴ കയറ്റിയയച്ച് കരകൗശല വസ്‌തുക്കളും, ഡിസ്‌പോസിബിൾ പാത്രങ്ങളും ഗ്ലാസുകളുമൊക്കെ നിര്‍മിക്കാം.  വേര്, ഇല എന്നിവ പച്ചചാണകവുമായി ചേര്‍ത്ത് വളമാക്കി കനാല്‍കരയില്‍ പൂക്കൃഷിക്കായി ഉപയോഗിച്ച്‌ കനാല്‍ കരകളെ മനോഹരമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രാഥമിക ഘട്ടമായി പദ്ധതി നടപ്പാക്കുന്ന മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടി പാലം വരെ തോടിന്റെ കരകള്‍  ഹെല്‍ത്ത് സര്‍ക്കിളുകള്‍   ശുചീകരിച്ചു. പദ്ധതിക്ക്‌ ഹരിത കേരള മിഷന്റെ സാങ്കേതിക സഹായമുണ്ട്‌. ഈ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമാണ് ആലപ്പുഴ നഗരസഭ. മറ്റ് പ്രദേശങ്ങളിലേയ്‌ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് പറഞ്ഞു. Read on deshabhimani.com

Related News