അടുക്കളമുറ്റത്ത്‌ 
1.20 ലക്ഷം മുട്ടക്കോഴികൾ



ആലപ്പുഴ  കെപ്‌കോ വനിതാമിത്രം പദ്ധതിയിൽ ഇതുവരെ 12 പഞ്ചായത്തിലെ 12,000 കുടുംബശ്രീ അംഗങ്ങൾക്ക്‌ വിതരണംചെയ്‌തത് 1.20 ലക്ഷം മുട്ടക്കോഴികൾ. സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കെപ്‌കോ വനിതാമിത്രം പദ്ധതിയിലാണ്‌ വിതരണം. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45–-60 ദിവസം പ്രായമായ കോഴികളെയാണ്‌ നൽകുന്നത്‌. സംസ്ഥാനത്ത്‌ തെരഞ്ഞെടുത്ത 21 പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളാണ്‌ ഗുണഭോക്താക്കൾ. ഒരു പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങളായ 1000 സ്‌ത്രീകൾക്ക്‌ 10 കോഴിയും മൂന്ന്‌ കിലോ തീറ്റയും 50 രൂപയുടെ മരുന്നുമാണ്‌ നൽകുന്നത്‌.  പദ്ധതിവിഹിതമായി ഗുണഭോക്താവിന്‌ 1400 രൂപ അനുവദിച്ചിട്ടുണ്ട്‌. 250 രൂപ ഗുണഭോക്തൃവിഹിതമാണ്‌. മുട്ടയുൽപ്പാദന വർധനയ്‌ക്കൊപ്പം സ്‌ത്രീശാക്തീകരണവും സ്‌ത്രീകൾക്ക്‌ വരുമാനവുമാണ്‌ പദ്ധതിയുടെ ലക്ഷ്യം. നാദാപുരം തൂണേരി, ചെക്യാട്‌, നാദാപുരം, ഇടുക്കി കൊന്നത്തടി, കോന്നി ഏനാദിമംഗലം, കലഞ്ഞൂർ, അടൂർ ഏഴംകുളം, മാവേലിക്കര പാലമേൽ, തഴക്കര, കുന്നത്തൂർ മൈനാഗപ്പള്ളി, കോവളം വെങ്ങാനൂർ, കാഞ്ഞിരപ്പള്ളി കോരുത്തോട്‌ പഞ്ചായത്തുകളിലാണ്‌ പദ്ധതി പൂർത്തിയായത്‌. കുടുംബശ്രീ അപേക്ഷ പരിഗണിച്ചാണ്‌ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്‌. ഗ്രാമത്തിന്റെ ശ്രീ തന്നെ ആലപ്പുഴ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല അടുക്കളമുറ്റത്തെ കോഴി വളർത്തലിന്‌ രൂപംനൽകിയ സങ്കരയിനമാണ്‌ ഗ്രാമശ്രീകൾ. 120 മുതൽ 140വരെ മുട്ടകൾ ഇടാറുണ്ട്‌. നാട്ടിൽ സാധാരണയായി കാണുന്ന ബഹുവർണ തൂവലുള്ള ഗ്രാമശ്രീകൾ മുട്ടയ്‌ക്കും ഇറച്ചിക്കും ഉപയോഗിക്കാം. ആദ്യ നാലാഴ്‌ച സ്‌റ്റാർട്ടർ തീറ്റ കൊടുത്തശേഷം വീട്ടിലെ ആഹാരസാധനങ്ങൾ നൽകാം. ഭക്ഷണാവശിഷ്‌ടങ്ങൾക്ക് പുറമേ പറമ്പിലെ കളകളും കീടങ്ങളും ഭക്ഷണമാണ്‌. അടുക്കളമുറ്റത്ത്‌ അഴിച്ചുവിട്ടു വളർത്താമെന്നതിനാൽ കൂടടക്കം മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾക്ക്‌ പണം ചെലവാകില്ല. സങ്കരയിനമായതിനാൽ അടയിരിക്കാൻ നാടൻ കോഴികളുടെയോ ഇൻക്യൂബേറ്ററിന്റെയോ സഹായം വേണം. Read on deshabhimani.com

Related News