കോൺഗ്രസ്‌ പ്രവർത്തകനെതിരെ കേസ്‌



മങ്കൊമ്പ്  എസി റോഡ്‌ നിർമാണത്തിനിടെ ഊരാളുങ്കൽ ലേബർ സൊസൈറ്റി തൊഴിലാളികളെ ആക്രമിച്ച കോൺഗ്രസ്‌ പ്രവർത്തകനെതിരെ പൊലീസ്‌ കേസെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഗിരീഷ്‌കുമാറിനെതിരെയാണ്‌ നെടുമുടി പൊലീസ്‌ കേസെടുത്തത്‌. ഇയാൾ നൽകിയ പരാതിയിൽ ഊരാളുങ്കലിന്റെ ആറു തൊഴിലാളികൾക്കെതിരെയും കേസെടുത്തു.    പണ്ടാരക്കളം ഫ്ലൈഓവറിൽ ഗർഡർ വാർക്കാൻ ഗതാഗതം നിരോധിച്ചിടത്ത് കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചത്‌ തടഞ്ഞ രണ്ടുപേരെയാണ്‌ ആക്രമിച്ചത്‌. സെക്യൂരിറ്റി ഓഫീസർ ഹിരൺ സെൻ, സേഫ്റ്റി ഓഫീസർ എസ് അജ്മൽഷാ എന്നിവർക്ക്‌ പരിക്കേറ്റു. ചൊവ്വ രാത്രിയാണ്‌ സംഭവം.  ആലപ്പുഴ ഭാഗത്തുനിന്ന് ചങ്ങനാശേരിക്കാണ്‌ ഗിരീഷ്‌ കാറിൽ വന്നത്. ഗതാഗത നിയന്ത്രണമുള്ള ഭാഗത്ത് ഡ്യൂട്ടിയിലിരുന്ന ഹിരൺ സെന്നിനെ അസഭ്യം പറഞ്ഞ്‌ കൈയേറ്റം ചെയ്യുകയായിരുന്നെന്ന്‌ ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു. യാത്രക്കാരനെ കാര്യം മനസിലാക്കാൻ ശ്രമിച്ച അജ്മൽഷായുടെ മുഖത്ത് കാറിന്റെ തക്കോൽമുനകൊണ്ട് ഇടിച്ചു. അജ്മലിന്റെ മേൽചുണ്ട് മുറിഞ്ഞു, പല്ലുകൾക്ക് പൊട്ടലുണ്ട്‌.  അതിവേഗത്തിൽ ഓടിച്ചുപോയ കാർ പൂപ്പള്ളി  ജങ്‌ഷനിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വകവച്ചില്ല. സൈറ്റ് ഇൻ ചാർജിന്റെ ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ച്‌ പോവുകയായിരുന്നു.  കുടുംബമായി യാത്രചെയ്‌ത ഗിരീഷിനെ മർദിച്ചെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന്‌ ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. ഇയാൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും  പ്രചരിപ്പിക്കുന്ന പ്രധാന കാര്യങ്ങളൊന്നും പൊലീസിൽ നൽകിയ പരാതിയിലില്ല. കെട്ടിത്തൂക്കിയ കൈ അനായാസം കുലുക്കിയും തിരിച്ചും ഇയാൾ സംസാരിക്കുന്ന വീഡിയോ ആരോപണങ്ങൾ വ്യാജമെന്നതിന്റെ തെളിവാണ്. ഇയാൾ മദ്യപിച്ചുണ്ടാക്കിയ അക്രമങ്ങൾക്കിടെ വീണോ മറ്റോ ആണ്‌ മുഖത്ത്‌ ചതവുണ്ടായതെന്ന്‌ പറയുന്നു. Read on deshabhimani.com

Related News