മുഴുക്കുടിയനാണോ; എങ്കിൽ
ഭാര്യയ്‌ക്ക്‌ വിഷാദരോഗം



ആലപ്പുഴ അമിത മദ്യപാനികളുടെ ഭാര്യമാരിൽ 27.8 ശതമാനത്തിനും  തീവ്ര വിഷാദരോഗം കൂടുതലാണെന്ന്‌ പഠനം. എറണാകുളം ശ്രീനാരായണ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ മാനസികാരോഗ്യ വിഭാഗം അസിസ്‌റ്റന്റ്‌‌ പ്രൊഫസർ ഡോ. വിജുനാഥ്‌ തിലകൻ നടത്തിയ ഗവേഷണത്തിലാണ്‌ ഈ  കണ്ടെത്തൽ.  ഭർത്താക്കൻമാരുടെ രാവിലെയുള്ള മദ്യപാനം ഭാര്യമാരുടെ വിഷാദരോഗവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.  പഠനത്തിന്‌ വിധേയരായ മറ്റുള്ളവരിലും ഉത്‌ക്കണ്ഠയും ലഘുവിഷാദരോഗവും വിഷാദരോഗ ലക്ഷണങ്ങളും ഭർത്താവുമായി പൊരുത്തപ്പെടാനാകാത്ത സ്ഥിതിയുമുണ്ടെന്ന്‌  വ്യക്തമായി. ചെറുകിട, ഇടത്തരം വരുമാനക്കാരായ സ്‌ത്രീകളാണ്‌  പഠനത്തിന്‌ വിധേയരായത്‌.  അമിത മദ്യപാനികളുടെ ഭാര്യമാർ തൊഴിൽസ്ഥലങ്ങളിൽ പോലും പൊരുത്തപ്പെട്ടുപോകാൻ കഴിയാതെ നിസഹായരാണ്‌.  ഇവർ കുടുംബങ്ങളിൽ ഭീകരാവസ്ഥ അനുഭവിക്കുന്നു. കേരളം പോലുള്ള സമൂഹങ്ങളിൽ സ്‌ത്രീകൾ പലകാര്യങ്ങളിലും ഭർത്താവിനെ ആശ്രയിച്ചാണ്‌ കഴിയുന്നതെന്നതാണ്‌ ഇതിന്‌ കാരണം. ജോലിയില്ലാത്ത സ്‌ത്രീകളുടെ കാര്യം ഏറെ പരിതാപകരമാണ്‌.  വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ മെന്റൽ ഹെൽത്തിന്റെ ഈ വർഷത്തെ  ‘അസമത്വമുള്ള ലോകത്തെ മാനസികാരോഗ്യം’  എന്ന പ്രമേയവുമായി ചേർന്നുപോകുന്നതാണ്‌ സ്‌ത്രീകൾ അനുഭവിക്കുന്ന ഈ പ്രശ്‌നമെന്ന്‌ ഡോ. കൃഷ്‌ണൻ  ശിവസുബ്രമണി ദേശാഭിമാനിയോട്‌ പറഞ്ഞു.  അസമത്വം ഏറെയുള്ള  ലോകത്താണ്‌ നാം ജീവിക്കുന്നത്‌. ഈ അസമത്വത്തെ കോവിഡ്‌ കൂടുതൽ പ്രസക്തമാക്കി.  അമിതമദ്യപാനം തലച്ചോറിനെ ബാധിക്കുന്ന രോഗമായി നാം കാണുന്നില്ല. ജിജ്ഞാസയിൽ തുടങ്ങുന്ന മദ്യപാനം അളവുകൂടുന്നതോടെ തലച്ചോറിൽ മാറ്റം വരുത്തും. വിഷാദവും തലച്ചോറിന്‌ തേയ്‌മാനം വന്ന്‌ ആൽക്കഹോളിക്ക്‌ ഡിമിൻഷ്യയുമൊക്കെ ഉണ്ടാകാൻ ഇത്‌ കാരണമാകുകയും ചെയ്യും. ആത്മഹത്യ വർധിക്കാനും  ഇടയാക്കുന്നു.  മനഃശാസ്‌ത്ര, മാനസികാരോഗ്യ ചികിത്സ ഒരുമിച്ചു നൽകി മദ്യപാന ഭ്രമം ഭേദമാക്കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം പ്രൊഫസർ ഡോ. കൃഷ്‌ണൻ ശിവസുബ്രമണിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു പഠനം. Read on deshabhimani.com

Related News