അരൂർ–തുറവൂർ ആകാശപ്പാത 
നിർമാണം ഒരു മാസത്തിനകം



  ആലപ്പുഴ  ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ആകാശപ്പാതയ്‌ക്ക്‌ ടെൻഡറായി. 12.75 കിലോമീറ്റർ നീളമുള്ള ആകാശപ്പാതയുടെ (എലിവേറ്റഡ്‌ ഹൈവേ) നിർമാണം ഒരുമാസത്തിനകം തുടങ്ങും. ഇതിനുള്ള ഭൂമിയേറ്റെടുക്കലിന്റെ പ്രാഥമിക വിജ്ഞാപനത്തെത്തുടർന്ന്‌ (3എ) കല്ലിടൽ ബുധനാഴ്‌ച തുടങ്ങി. രാജ്യത്തെ ഏറ്റവും നീളമേറിയ മേൽപ്പാലമാണ്‌ 30 മീറ്റർ വീതിയിൽ അരൂർ ജങ്‌ഷന്‌ സമീപത്തുനിന്ന്‌ തുറവൂർ മഹാക്ഷേത്രത്തിന്‌ മുന്നിൽ വരെ ഉയരുന്നത്‌. ഭൂമിയേറ്റെടുക്കലിനടക്കം 2300 കോടി രൂപയാണ്‌ ചെലവ്‌. മേൽപ്പാലം നിർമാണത്തിന്‌ 1668.5 കോടി രൂപ. അരൂർ മുതൽ തുറവൂർ വരെയുള്ള 13 കി. മീറ്ററിൽ പാതയുടെ ശരാശരി വീതി 30 മീറ്ററാണ്‌. അതിനാൽ ജില്ലയിലെ മറ്റിടങ്ങളിലെപ്പോലെ ഭൂമിയേറ്റെടുക്കേണ്ട. പ്രധാന ജങ്‌ഷനുകളിലും മേൽപ്പാലത്തിലേക്ക്‌ കയറാൻ സൗകര്യമേർപ്പെടുത്തുന്ന സ്ഥലങ്ങളിലുമേ  ഭൂമിയേറ്റെടുക്കേണ്ടതുള്ളൂ.  പ്രാഥമിക വിജ്ഞാപനം നടത്തി 21 ദിവസത്തിനകം ആരും എതിർപ്പ്‌ പ്രകടിപ്പിക്കാത്തതിനാലാണ് കല്ലിടൽ ആരംഭിച്ചത്‌. ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗമാണ്‌ കല്ലിടൽ നടത്തുന്നത്‌. അലൈൻമെന്റ്‌ നിശ്ചയിച്ച്‌ സർവേകഴിയുന്നതോടെ അന്തിമ വിജ്ഞാപനമിറങ്ങും. തുടർന്നാണ്‌ ഏറ്റെടുക്കൽ വിജ്ഞാപനം. സ്ഥലമേറ്റെടുപ്പും നഷ്‌ടപരിഹാര വിതരണവും ഉൾപ്പെടുന്നതാണ്‌ അന്തിമ വിജ്ഞാപനം. നിർമാണച്ചെലവ്‌ കൂടുതലായതിനാൽ മേൽപ്പാലം നിർമാണം ആദ്യഘട്ടത്തിൽ അനിശ്ചിതത്വത്തിലായിരുന്നു. വ്യവസായ മേഖലയായ അരൂരിലെ ഭൂമിയേറ്റെടുക്കലിന്റെ ചെലവുമായി താരതമ്യം ചെയ്‌തപ്പോൾ മേൽപ്പാലം നിർമാണച്ചെലവ്‌ അധികമല്ലെന്ന്‌ കണ്ടെത്തിയതോടെയാണ്‌ ദേശീയപാത അതോറിറ്റി പദ്ധതിയുമായി മുന്നോട്ടുപോയത്‌. ഏതാനുമാസം മുമ്പ്‌ കൺസൾട്ടൻസി കരാർ നൽകിയ അധികൃതർ ടെൻഡർ നടപടികളിലേക്കും കടക്കുകയായിരുന്നു. ഭൂമിയേറ്റെടുക്കലിന്‌  ഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്‌  ആഗസ്‌ത്‌ അവസാനമാണ്‌. വൈകാതെ പ്രാഥമിക വിജ്ഞാപനവുമിറക്കി. Read on deshabhimani.com

Related News