ഭൂമി ഏറ്റെടുക്കൽ മാർച്ചിൽ പൂർത്തിയാകും



അരൂർ രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപാത നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലും നഷ്‌ടപരിഹാര വിതരണവും മാർച്ച് അവസാനത്തോടെ പൂർത്തിയാകും. തുറവൂർമുതൽ അരൂർവരെ 12.75 കിലോമീറ്റർ പാതയാണിത്. നേരത്തെ പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. സർവേ നടപടികൾ അടുത്തമാസം 10ന്‌ മുമ്പ്‌ പൂർത്തിയാക്കും. തുടർന്ന് അന്തിമ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തും. ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങൾ, മതിലുകൾ ഉൾപ്പെടെയുള്ള നിർമിതികൾ, മരങ്ങൾ, കൃഷിവിളകൾ, കിണറുകൾ എന്നിവയുടെയും നഷ്‌ടപരിഹാര നിർണയം മാർച്ച് 15ന്‌ മുമ്പ്‌ പൂർത്തിയാക്കും. തുടർന്നു ഭൂഉടമകളുടെ അക്കൗണ്ടിലേക്ക്‌ നഷ്‌ടപരിഹാരം കൈമാറും. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പുരോഗതി അറിയിക്കാൻ കലക്‌ടർ നിർദേശം നൽകിയിട്ടുണ്ട്. റോഡിന്റെ നിലവിലുള്ള വീതിയിൽത്തന്നെയാണ് ഉയരപാത നിർമിക്കുന്നത്. പ്രധാന ജങ്‌ഷനുകളിൽ മാത്രമാണ് അധികം ഭൂമി വേണ്ടിവരുന്നത്.  പാതയിലേക്ക്‌ വാഹനങ്ങൾ കയറാനുള്ള സൗകര്യം ഒരുക്കുന്നതിനാണിത്. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് വില്ലേജുകളിലെ 1.724 ഏക്കർ ഭൂമിയാണ് വേണ്ടത്. ആകെ 46 സർവേ നമ്പരുകളിലെ ഭൂമി ഇതിൽ ഉൾപ്പെടും. ചില വില്ലേജുകളിലെ റീ സർവേ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനാൽ ഏറ്റെടുക്കേണ്ട സ്ഥലം കുറവാണെങ്കിലും സർവേ നടപടികൾക്ക്‌ കാലതാമസമുണ്ടാകും. 26 മീറ്റർ വീതിയിൽ ആറുവരി ഗതാഗതത്തിനുള്ള സൗകര്യമാണ് ഉയരപാതയിലുണ്ടാകുക. 1668.50 കോടി രൂപയ്‌ക്ക്‌ മഹാരാഷ്‌ട്ര നാസിക്കിലെ അശോക ബിൽഡ്കോൺ കമ്പനിയാണ്‌ നിർമാണക്കരാർ ഏറ്റെടുത്തത്. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വ‍ലിയ തൂണുകൾ സ്ഥാപിച്ചാണ് ഉയരപാത നിർമിക്കുന്നത്. പാതയുടെ നടുഭാഗത്ത് ഒറ്റത്തൂണിലായിരിക്കും പാത. സർവീസ്‌ റോഡിനുശേഷം പ്രധാന പാത  ആലപ്പുഴ വികസനത്തിന്റെ ആദ്യഘട്ടമായ ഓടകളുടെയും കലുങ്കുകളുടെയും നിർമാണം പുരോഗമിക്കുന്നു. സർവീസ്‌ റോഡ്‌ നിർമാണമാണ്‌ അടുത്തഘട്ടം. ആറുവരിക്കൊപ്പം ഉപയോഗിക്കാവുന്ന വിധത്തിലാണ്‌ ഇരുവശത്തും സർവീസ്‌ റോഡ്‌ ഒരുക്കുന്നത്‌. ഇതിനായി മണ്ണുനിരത്തി ടാർചെയ്യും. സർവീസ്‌ റോഡിലൂടെ ഗതാഗതം ആക്കിയ ശേഷമാകും പ്രധാനപാത നിർമാണം ആരംഭിക്കുക. സർവീസ്‌ റോഡിനും പ്രധാനപാതയ്‌ക്കും മധ്യേ സംരക്ഷണ ഭിത്തിയും നിർമിക്കും. അരൂർ–-തുറവൂർ ആകാശപ്പാതയുടെ ഭൂമിയേറ്റെടുക്കലിനുള്ള സർവേ ഈ മാസം 15ന്‌ മുമ്പ്‌ പൂർത്തിയാക്കും. തോട്ടപ്പള്ളി സ്‌പിൽവേയിൽ നിർമിക്കുന്ന പാലങ്ങളുടെ ഡിസൈൻ തയാറാക്കൽ പുരോഗമിക്കുന്നു. നിലവിലുള്ള സ്‌പിൽവേ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തായി രണ്ട്‌ പാലമാണ്‌ നിർമിക്കുന്നത്‌. തോട്ടപ്പള്ളി ജങ്‌ഷനിൽനിന്ന്‌ പല്ലനയിലേക്കുള്ള തീരദേശ റോഡിലേക്ക്‌ പോകാനുള്ള അടിപ്പാത നിർമാണം തുടങ്ങി.   Read on deshabhimani.com

Related News