അശ്രുപൂക്കളാൽ മാത്യുവിന് അന്ത്യാഞ്‌ജലി

കെ ടി മാത്യുവിന്റെ മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്കിന്റെയും, ജില്ലാ സെക്രട്ടറി ആർ നാസറിന്റെയും സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവിന്റെയും നേതൃത്വത്തിൽ രക്തപതാക പുതപ്പിക്കുന്നു


മാരാരിക്കുളം സക്രിയമായ പൊതുപ്രവർത്തനത്തിലൂടെ നാടിന്റെ ഹൃദയത്തുടിപ്പായ കെ ടി മാത്യുവിന്റെ ചലനമറ്റ ശരീരംകണ്ട്‌ സഹിക്കാനാകാതെ പ്രിയപ്പെട്ടവർ. നേതാവായും ജനപ്രതിനിധിയായും ഒരുഗ്രാമത്തിന്റെ മുന്നേറ്റങ്ങളിൽ, സുഖ–-ദു:ഖങ്ങളിൽ ഒപ്പം നിന്ന മാത്യു ഇനി തങ്ങൾക്കൊപ്പമില്ലെന്ന്‌ വിശ്വസിക്കാൻ അവർ പാടുപെട്ടു. അശ്രുപൂക്കളാൽ പ്രിയ ബോബിച്ചന്‌ അവർ വിടനൽകി.     സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത്‌ മുൻ ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ  അഡ്വ. കെ ടി മാത്യുവിന് ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. മൃതദേഹം പൊതുദർശനത്തിനുവച്ച സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി ഓഫീസിലും ആലപ്പുഴ ബാർ അസോസിയേഷൻ ഓഫീസിലും സർവോദയപുരത്തെ വീടിന്‌ സമീപവും വീട്ടിലും സംസ്‌കാരം നടന്ന കലവൂർ ചെറുപുഷ്‌പ ദേവാലയത്തിലും  ജീവിതത്തിന്റെ  നാനാതുറകളിലുള്ളവർ മണിക്കൂറുകൾ കാത്തുനിന്നാണ് ഒരുനോക്ക് കണ്ട് വിടയേകിയത്.    വിപുല സൗഹൃദബന്ധം കാത്തുസൂക്ഷിച്ച മാത്യു നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നിലുണ്ടായിരുന്നു. ഈ  ബന്ധത്തിന്റെ നേർസാക്ഷ്യമാണ് ജനകീയനേതാവായ മാത്യുവിന്‌ വിടനൽകാനെത്തിയ ജനസഞ്ചയം. കളമശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം പകൽ 12.30 ഓടെ  മാരാരിക്കുളം ഏരിയ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്,  ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ നേതൃത്വത്തിൽ രക്തപതാക പുതപ്പിച്ചു. ആലപ്പുഴ ബാർ അസോസിയേഷൻ ഓഫീസിൽ സഹപ്രവർത്തകർ പുഷ്‌പചക്രം അർപ്പിച്ചു. പകൽ മൂന്നോടെ വീടിന് സമീപം കൊണ്ടുവരുമ്പോൾ കാത്തുനിന്നത് ആയിരങ്ങൾ. തുടർന്ന് വീട്ടിലേക്ക്‌. വലിയ കലവൂർ സെന്റ് ജോസഫ്സ് പള്ളിയിൽ  ശുശ്രൂഷയ്‌ക്കുശേഷം വിലാപയാത്രയായി കലവൂർ ചെറുപുഷ്‌പം ദേവാലയ സെമിത്തേരിയിലെത്തിച്ച് വൈകിട്ട് ആറോടെ സംസ്‌കരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഞായറാഴ്‌ചയാണ് മാത്യു അന്തരിച്ചത്.      Read on deshabhimani.com

Related News