മാധ്യമവാർത്ത അടിസ്ഥാനരഹിതം: 
സിപിഐ എം



ആലപ്പുഴ  സിപിഐ എം ജില്ലാകമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും ലേഖകരുടെ ഭാവനയിൽനിന്ന് ഉടലെടുത്തതുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയുടെ റിപ്പോർട്ടിങ്‌, ജില്ലാ കമ്മിറ്റിയുടെ സംഘടനാരേഖ, സംസ്ഥാന ജാഥയുടെ പര്യടനം എന്നിവയാണ്‌ കഴിഞ്ഞദിവസം ചേർന്ന ജില്ലാകമ്മിറ്റിയോഗം ചർച്ച ചെയ്‌തത്.  മാർക്‌സിസ്‌റ്റ്‌–-ലെനിനിസ്‌റ്റ്‌ പാർടിയെന്ന നിലയിൽ കാര്യങ്ങൾ വിമർശന,  സ്വയംവിമർശനപരമായി പരിശോധിച്ച് ശരിയായ നിഗമനങ്ങളിൽ എത്തുകയാണ്‌ പതിവ്‌. ഏതെങ്കിലും നേതാവിനെ പുകഴ്‌ത്താനോ ഇകഴ്‌ത്താനോ ഉള്ള വേദിയല്ല ജില്ലാകമ്മിറ്റിയും സെക്രട്ടറിയറ്റും. ഓരോ അംഗത്തിനുമുള്ള അഭിപ്രായങ്ങൾ വിമർശന, സ്വയംവിമർശനം നടത്തി അച്ചടക്കത്തോടെ അവതരിപ്പിക്കുകയും ശരിയായ തീരുമാനമെടുക്കുകയും ചെയ്യുക എന്നതാണ് പാർടിയുടെ ശൈലി. സംസ്ഥാനകേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ നാസറും അടങ്ങുന്ന നേതൃത്വം ഒറ്റക്കെട്ടായാണ് ജില്ലയിലെ പ്രസ്ഥാനത്തെ നയിക്കുന്നത്. ചേരിതിരിവുണ്ടെന്ന് വരുത്താനാണ്‌ ശ്രമം. ജില്ലയിൽ പ്രസ്ഥാനത്തിന്റെ കരുത്തും സമരശേഷിയും കൂടുതൽ ശക്തിപ്പെടുത്താനുള്ള  പരിപാടികൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് സംഘടനാ രംഗത്ത് നിലനിൽക്കുന്ന പൊതുസമൂഹം നിരാകരിക്കുന്ന എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് മുന്നേറാനുള്ള തീരുമാനമെടുത്താണ്‌ ജില്ലാകമ്മിറ്റി യോഗം പിരിഞ്ഞത്‌. 
   കുട്ടനാട്ടിലെയും ആലപ്പുഴ നഗരത്തിലെയും പ്രശ്‌നങ്ങൾ തിരുത്തിക്കുന്നതിന് ജില്ലാകമ്മിറ്റി ഏകകണ്ഠമായാണ്‌ തീരുമാനമെടുത്തത്‌. അന്തരീക്ഷത്തിൽനിന്ന് ഇല്ലാക്കഥകൾ മെനഞ്ഞ് തെറ്റിദ്ധാരണ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവർ നിരാശരാകുമെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.   Read on deshabhimani.com

Related News