പ്രതിസന്ധികളിൽ തളരാത്ത നേതാവ്‌: സി എസ്‌ സുജാത

കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത സംസാരിക്കുന്നു


ആലപ്പുഴ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പാർടിയെ മുന്നോട്ടുനയിച്ച വ്യക്തിത്വത്തിനുടമയാണ്‌  കോടിയേരി ബാലകൃഷ്‌ണനെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം  സി എസ്‌ സുജാത പറഞ്ഞു. പൊതുപ്രവർത്തനത്തിന്റെ മഹത്വം കൃത്യതയോടെ നിറവേറ്റിയ സൗമ്യശീലനായിരുന്നു  കോടിയേരി. കോടിയേരിയുടെ വേർപാടിൽ അനുശോചിച്ച്‌   ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി  അനുശോചന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുജാത.  മുതിർന്ന നേതാവ്‌ ജി സുധാകരൻ അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു.    നിലപാടുകളിൽ ഉറച്ച് ആത്മാർഥതയോടെ മുന്നേറിയ കോടിയേരി അസുഖത്തിനു മുന്നിൽ ഭീരുത്വം കാണിക്കാതെ പടപൊരുതിയെന്ന്‌ കെപിസിസി ജനറൽസെക്രട്ടറി എ എ ഷുക്കൂർ പറഞ്ഞു.  പൊലീസിന് നീതി ബോധത്തോടെ പ്രവർത്തിക്കാൻ അവസരമൊരുക്കി. ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് നടപ്പിലാക്കി. കേരളീയ സമൂഹത്തെ ഒന്നാകെ വേദനിപ്പിച്ചു കടന്നുപോയ കോടിയേരി  ഇടതുപക്ഷത്തിന്റെ തന്നെ മികച്ച സംഘാടകനായിരുന്നുവെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ പറഞ്ഞു.   മികച്ച നിയമസഭാ സാമാജികനുമായിരുന്ന കോടിയേരിയുടെ വിയോഗം മതേതര പാർടികൾക്ക് തീരാനഷ്‌ടമാണെന്ന്‌ കേരളകോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ വി സി ഫ്രാൻസിസ്‌ പറഞ്ഞു.   അടുത്തറിയുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ വേദനിക്കുവാനും വേദന പങ്കുവയ്‌ക്കുവാനും കഴിയുന്നത് മഹത്തരമാണെന്ന്‌ ബി ജെപി ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാർ പറഞ്ഞു.   സമാനതകളില്ലാത്ത നേതാവിനെയാണ് നഷ്‌ടമായതെന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എ എം നസീർ പറഞ്ഞു. പകരം വയ്‌ക്കാനില്ലാത്ത നേതാവാണ്‌ കോടിയേരിയെന്ന്‌ ആർഎസ്പി ജില്ലാ സെക്രട്ടറി അഡ്വ. ആർ ഉണ്ണികൃഷ്‌ണൻ  അനുസ്‌മരിച്ചു.  കോടിയേരി മുന്നണി വിപുലീകരണത്തിൽ വഹിച്ച പങ്ക് മഹത്തരമാണെന്ന്‌  ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് ജി ശശിധരപ്പണിക്കർ പറഞ്ഞു.   ഉന്നത നീതിബോധത്തോടെ പ്രവർത്തിച്ച വ്യക്തിത്വമെന്ന്‌ ജനതാദൾ എസ് സംസ്ഥാന സെക്രട്ടി ജേക്കബ് ഉമ്മൻ  അനുസ്‌മരിച്ചു.  എളിമ കൈവിടാത്ത കമ്യൂണിസ്‌റ്റും ഉത്തമനായ പൊതുപ്രവർത്തകനുമെന്ന്‌ കേരള കോൺഗ്രസ് (സ്‌കറിയ) ജില്ലാ പ്രസിഡന്റ് ഡോ.സജു എടക്കാട് പറഞ്ഞു.     ജാതിയുടെയും മതത്തിന്റെയും  അതിർ വരമ്പുകൾക്കപ്പുറം നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നെന്ന്‌ ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാസർ പൈങ്ങാമഠം പറഞ്ഞു.  വേദനയോടെയല്ലാതെ കോടിയേരിയെ ഓർക്കാനാകില്ലെന്ന്‌ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് അംബികാ വേണുഗോപാൽ  പറഞ്ഞു. വിനയാന്വിതനായ നേതാവെന്ന്‌ പി സി സുരേഷ് ബാബു ( ജെ എസ് എസ്) ഓർമിച്ചു.    എ എം ആരിഫ്‌ എംപി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഷിഹാബുദീൻ, ഐഎൻഎൽ ജില്ലാ സെക്രട്ടറി ബി അൻഷാദ് എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News