മരുന്നില്ലാ രോഗത്തിന്‌ മറുമരുന്ന്‌

ഹരിപ്പാട്‌ ഓട്ടിസം സെന്ററിൽ രക്ഷിതാക്കൾക്ക്‌ തുന്നൽ പരിശീലനം നൽകുന്നു


  ആലപ്പുഴ  പരിചരണത്തിലൂടെ തീവ്രത കുറച്ചും രോഗബാധിതരെ സാധാരണ ജീവിതത്തിലേക്ക്‌ എത്തിച്ചും അത്‌ സമൂഹത്തെ ബോധ്യപ്പെടുത്തിയും മരുന്നില്ലാ രോഗത്തിന്‌ മരുന്നാകുകയാണ്‌ ഓട്ടിസം സെന്ററുകൾ. ബ്ലോക്ക്‌ റിസോഴ്‌സ്‌ സെന്ററുകൾക്കൊപ്പമാണ്‌ സെന്ററുകൾ പ്രവർത്തിക്കുന്നത്‌. ആറുമുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക്‌ മികച്ച പരിചരണമാണ്‌ ഇവിടെ ലഭിക്കുന്നത്‌. ഓട്ടിസം സ്‌പെക്‌ട്രം ഡിസോർഡർ ബാധിതരായ കുട്ടികളുടെ പരിചരണം, വിദ്യഭ്യാസം, രക്ഷിതാക്കൾക്ക്‌ അവബോധം നൽകൽ, തൊഴിൽപരിശീലനം എന്നിവയും സെന്റർ ലക്ഷ്യമിടുന്നു.  ജില്ലയിലെ 11 ബിആർസികളിൽ ഓട്ടിസം സെന്റർ പ്രവർത്തിക്കുന്നു. നിലവിൽ 288 കുട്ടികൾക്ക്‌ പരിശീലനം നൽകുന്നു. ചേർത്തല, മാവേലിക്കര, ഹരിപ്പാട്, തലവടി, കായംകുളം സെന്ററുകളിൽ സ്‌പീച്ച് തെറാപ്പിസ്‌റ്റിന്റെ സേവനമുണ്ട്‌. ആലപ്പുഴ, അമ്പലപ്പുഴ, തലവടി, മാവേലിക്കര, ചെങ്ങന്നൂർ, കായംകുളം സെന്ററുകളോട്‌ ചേർന്ന്‌ ഫിസിയോതെറാപ്പി സംവിധാനവും പ്രവർത്തിക്കുന്നു.11 കേന്ദ്രങ്ങളിലായി 19 അധ്യാപകരും 11 ആയമാരുമുണ്ട്‌. ഐഇപി സെഷൻ, ഒക്യുപ്പേഷണൽ തെറാപ്പി എക്‌സർസൈസ്‌, സെൻസറി–ഇന്റഗ്രേഷൻ തെറാപ്പി, ഗ്രൂപ്പ് തെറാപ്പി, സ്‌പീച്ച് തെറാപ്പി എന്നിവ എല്ലാ കേന്ദ്രത്തിലുമുണ്ട്‌.  കായംകുളം, ഹരിപ്പാട് സെന്ററുകളിൽ തൊഴിൽ പരിശീലനവും വൊക്കേഷണൽ ട്രെയിനിങ്ങും നടത്തിവരുന്നു. കായംകുളത്ത് മസാല പാക്കിങ്ങിലും ഹരിപ്പാട് കുടനിർമാണം, തുന്നൽ എന്നിവയിലും പരിശീലനവും നൽകുന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും തൊഴിൽപരിശീലനം നൽകുന്നുണ്ട്‌.   ഭിന്നശേഷിക്കാരെ അംഗീകരിക്കുന്ന സമൂഹം രൂപപ്പെടുത്തുകയും ഭിന്നശേഷിവിഭാഗത്തിന്റെ അവകാശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുകയുമാണ് സെന്റർ.  കൃത്യവും ശാസ്‌ത്രീയവുമായ ഇടപെടലിലൂടെ ഓട്ടിസം ബാധിതരിൽ വലിയൊരളവിൽ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന്‌ വൈദ്യശാസ്‌ത്ര പഠനങ്ങൾ കണ്ടെത്തിയതോടെയാണ്‌ ലോകമാകെ ഓട്ടിസം സെന്ററുകൾ തുറന്നത്‌. Read on deshabhimani.com

Related News