ചെന്നിത്തല, എ വിഭാഗങ്ങൾ കടുത്ത പ്രതിഷേധത്തിൽ
ആലപ്പുഴ ആലപ്പുഴയിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചപ്പോൾ രമേശ് ചെന്നിത്തല വിഭാഗത്തെയും എ വിഭാഗത്തെയും നിലംപരിശാക്കി എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ വിഭാഗം. 18 ബ്ലോക്ക് പ്രസിഡന്റുമാരിൽ ഒമ്പതുപേരെയും തന്റെ പക്ഷത്തുനിന്ന് നിയമിച്ചതോടെ വേണുഗോപാൽ ആധിപത്യമുറപ്പിച്ചു. ചെന്നിത്തല വിഭാഗത്തിന് അഞ്ചുപേർ മാത്രം. കഴിഞ്ഞതവണ നാലു ബ്ലോക്കുണ്ടായിരുന്ന എ വിഭാഗത്തിന് ഇത്തവണ മൂന്നായി. ഭാരവാഹി നിർണയത്തിൽ കടുത്ത അമർഷത്തിലാണ് എ വിഭാഗവും ചെന്നിത്തല വിഭാഗവും. ഒരുകാലത്ത് പ്രതാപമുണ്ടായിരുന്ന എ വിഭാഗത്തിന് ചേർത്തല, കുട്ടനാട് നോർത്ത്, മാവേലിക്കര എന്നിവ മാത്രമാണ് കിട്ടിയത്. മാരാരിക്കുളം, കുട്ടനാട് സൗത്ത്, കാർത്തികപ്പള്ളി, ഹരിപ്പാട്, മാന്നാർ എന്നിവടങ്ങളിലാണ് ചെന്നിത്തല പക്ഷക്കാർ. തങ്ങളുടെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ അപഹരിച്ചതിൽ പ്രതിഷേധിച്ച ചെന്നിത്തല വിഭാഗവും എ വിഭാഗവും മണ്ഡലം പുനസംഘടനായോഗങ്ങൾ ബഹിഷ്കരിച്ചു. ശനിയാഴ്ച ഡിസിസി ഓഫീസിൽ ചേരാൻ നിശ്ചയിച്ച യോഗത്തിന് എ എ ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കൾ എത്തിയില്ല. പ്രധാന നേതാക്കൾ എത്താത്തതിനാൽ യോഗം വേണ്ടെന്നുവച്ചു. അതിനിടെ ചില പ്രസിഡന്റുമാർ തങ്ങളുടേതാണെന്ന തർക്കം വിവിധ വിഭാഗങ്ങൾ ഇന്നയിക്കുന്നുണ്ട്. വയലാർ രവി പക്ഷവും കൊടിക്കുന്നിൽ സുരേഷിന്റെ പക്ഷവും ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്ന കൂട്ടത്തിലുണ്ട്. കഴിഞ്ഞതവണ ഒന്നായിനിന്ന ഐ വിഭാഗത്തിന് 14 ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉണ്ടായിരുന്നത്. പിന്നീട് കെ സിവേണുഗോപാൽ ശക്തനായതോടെ ഗ്രൂപ്പ് അദ്ദേഹത്തിന്റെ കൈപ്പിടിയിലാകുകയും ചെന്നിത്തലയെവിട്ട് നോതാക്കൾ പോകുകയുംചെയ്തു. Read on deshabhimani.com