പൊന്നിനേക്കാൾ തിളക്കം ഇവരുടെ തങ്കമനസിന്



മുഹമ്മ തപാൽ വിതരണത്തിനിടെ റോഡിൽനിന്ന്‌ രണ്ടുപവൻ പാദസരം കളഞ്ഞുകിട്ടിയപ്പോൾ ജയ രാജേഷിന്റെ കണ്ണ് മഞ്ഞളിച്ചില്ല. അത് പൊലീസ് സ്‌റ്റേഷനിൽ ഉടമസ്ഥയ്‌ക്ക്‌ തിരിച്ചുനൽകിയ മുഹമ്മ തപാൽ ഓഫീസിലെ ഈ താൽക്കാലിക ജീവനക്കാരിയുടെ സത്യസന്ധതയ്‌ക്ക്‌ പത്തരമാറ്റ് തിളക്കം. കഞ്ഞിക്കുഴി പഞ്ചായത്ത്‌ 10–-ാം വാർഡ് കോലാട്ടുവെളി ആതിരയ്‌ക്കാണ്‌ പാദസരം തിരികെ കിട്ടിയത്‌.   മുഹമ്മ പഞ്ചായത്ത്‌ എട്ടാം വാർഡ് പട്ടാറചിറയിൽ പെട്ടിഓട്ടോ ഡ്രൈവറായ രാജേഷിന്റെ ഭാര്യയാണ് ജയ. ശനി പകൽ 12.30ന്‌ മുഹമ്മ കെഇ കാർമൽ സ്‌കൂളിന് സമീപത്തെ ഗുരുമന്ദിരം റോഡിൽനിന്നാണ് പാദസരം കിട്ടിയത്. സമീപം താമസിക്കുന്ന മുൻ പഞ്ചായത്ത്‌ അംഗം ലക്ഷ്‌മിക്കുട്ടിയെ വിവരമറിയിച്ചശേഷം മുഹമ്മ പൊലീസ് സ്‌റ്റേഷനിൽ പാദസരം ഏൽപ്പിച്ചു.  ആതിര സ്‌റ്റേഷനിൽവന്ന് ജയയിൽനിന്ന്‌ പാദസരം ഏറ്റുവാങ്ങി. പൊട്ടിയ പാദസരം വിളക്കിക്കാൻ കൊണ്ടുപോയപ്പോൾ ബാഗിൽനിന്ന്‌ നഷ്‌ടപ്പെട്ടതാണ്‌. സ്വന്തം ലേഖകൻ കാർത്തികപ്പള്ളി കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും പണവും ഉടമയ്‌ക്ക്‌ തിരികെ നൽകി നെസി. വട്ടച്ചാൽ വെട്ടുപറമ്പിൽ സിമിമോളുടെ പണയസ്വർണം ബാങ്കിൽനിന്ന്‌ തിരികെയെടുത്ത് വീട്ടിലേക്ക് മടങ്ങുംവഴി ആറാട്ടുപുഴയിൽവച്ചാണ്‌ നഷ്‌ടമായത്‌.  10 പവന്റെ ആഭരണവും 28,000 രൂപയും അടങ്ങിയ പേഴ്സാണ്‌ നഷ്‌ടപ്പെട്ടത്‌. മത്സ്യത്തൊഴിലാളിയായ രവിദാസാണ്‌ സിമിമോളുടെ ഭർത്താവ്‌. ആറാട്ടുപുഴയിൽനിന്ന്‌ കണ്ടല്ലൂർ തെക്കുള്ള വീട്ടിലേക്ക് വരുമ്പോഴാണ്‌ പുത്തൻവീട്ടിൽ നെസിക്ക്‌ പേഴ്സ് വഴിയിൽനിന്ന്‌ കിട്ടിയത്.   നെസി പേഴ്സ് കനകക്കുന്ന് പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു. ഇൻസ്‌പെക്‌ടർ വി ജയകുമാർ രേഖകൾ പരിശോധിച്ച്  സിമിമോളെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി സ്വർണവും പണവും കൈമാറി. വീട്ടമ്മയായ നെസി വീട്ടിൽ തയ്യൽജോലി ചെയ്‌തുവരികയാണ്. വിമുക്തഭടൻ ഷംനാദാണ്‌ നെസിയുടെ ഭർത്താവ്‌. എംബിബിഎസ് അവസാനവർഷ വിദ്യാർഥി ഷഹീർ, എൻട്രൻസ് പരിശീലനം നടത്തുന്ന സോനമോൾ എന്നിവരാണ് നെസിയുടെ മക്കൾ. നെസിയെ കനകക്കുന്ന് ജനമൈത്രി പൊലീസ് അനുമോദിച്ചു. Read on deshabhimani.com

Related News