കുടിവെള്ള ക്ഷാമത്തിന് 
താൽക്കാലിക പരിഹാരം

പുന്നപ്ര വടക്ക് പഞ്ചായത്ത് വലിയപറമ്പ് കോളനിയിലെ കുടിവെള്ള പദ്ധതി എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ തീരദേശ വാർഡുകളിലെ കുടിവെളള ക്ഷാമത്തിന് പരിഹാരമാകുന്നു. വാടക്കൽ വലിയ പറമ്പ് കോളനിയിൽ സ്ഥാപിച്ച പുതിയ കുഴൽക്കിണർ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഇതോടെ ദേശീയ പാതയ്‌ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള 10 മുതൽ 17 വരെയുളള എട്ടുവാർഡുകളിൽ കുടിവെള്ളം ലഭ്യമാകും.  മണ്ഡലത്തിലെ കുടിവെള്ളക്ഷാമം താൽക്കാലികമായി പരിഹരിക്കാൻ നാല്‌ പുതിയ കുഴൽക്കിണറുകൾ നേരത്തെ പ്രവർത്തനമാരംഭിച്ചു. നഗര പ്രദേശങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാൻ പുതിയതായി സ്ഥാപിച്ച ഏഴ്‌-കുഴൽക്കിണറുകളിൽ അഞ്ചാമത്തെ കുഴൽക്കിണറാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്‌തത്.  നഗരത്തിലേക്കും പുന്നപ്ര വടക്ക് പഞ്ചായത്തിലേക്കും വെള്ളമെത്തിക്കുന്ന തൂക്കുകുളം, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വളഞ്ഞവഴി പടിഞ്ഞാറ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ  മാപ്പിളശേരി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കൃഷി ഭവൻ കുഴൽ കിണറുകളാണ് ആഴ്‌ചകൾക്ക് മുമ്പ് നാടിന് സമർപ്പിച്ചത്.  ഒപ്പം ആലിശേരിയിലെ കുഴൽക്കിണറിൽ നിന്ന്‌ കുടിവെള്ള വിതരണത്തിന് തുടക്കമായി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ സുനാമി കോളനി കുഴൽക്കിണറിൽ നിന്നുള്ള വെള്ളത്തിന്റെ പരിശോധന ഫലം ലഭിച്ചാലുടൻ ഇതും നാടിന് സമർപ്പിക്കും.   പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ പി സരിത, സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷൻ വിനോദ്, അംഗം സുധർമ്മ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ഗിരീഷ്, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ നൂർ ജഹാൻ, അസിസ്‌റ്റന്റ് എൻജിനീയർ പി വി ജോഷില എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News