തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

കറുപ്പ സ്വാമി ചവിട്ടുപടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ കുരുങ്ങിക്കിടന്ന നിലയിൽ


ചെങ്ങന്നൂർ സ്‌റ്റേഷനിൽനിന്ന്‌ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽപ്പെട്ട് തമിഴ്‌നാട് സ്വദേശിക്ക്‌ ഗുരുതര പരിക്ക്. തെങ്കാശി 507 പിആർഎസ് പാളയം കറുപ്പസ്വാമി (53)ക്കാണ് പരിക്കേറ്റത്. വെള്ളി രാവിലെ 6.30ന് ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ്‌ സംഭവം. പാലരുവി എക്‌സ്‌പ്രസിൽ നിന്ന്‌ ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടം. പിൻഭാഗത്തുള്ള എസ്എൽആർഡി കോച്ചിൽ യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയ കറുപ്പസ്വാമി ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പെട്ടെന്ന്‌ ഉണർന്ന്‌ ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ചവിട്ടുപടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ കുരുങ്ങിക്കിടന്ന ഇയാൾക്ക് ആർപിഎഫും ചെങ്ങന്നൂർ പൊലീസും പ്രഥമ ശുശ്രൂഷ നൽകി. സ്‌റ്റേഷൻ ഓഫീസർ സുനിൽ ജേക്കബിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘമെത്തി ചവിട്ടുപടികൾ മുറിച്ചു നീക്കി ഇയാളെ പുറത്തെടുത്തു. അരയ്‌ക്ക്‌ മുകളിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചതായി ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.  സീനിയർ ഫയർ ഓഫീസർ മോഹനകുമാർ, ഫയർ ഓഫീസർമാരായ രതീഷ് കുമാർ, സഞ്ജയൻ, ബിജു, റാഷ് കുമാർ, തങ്കപ്പൻ എന്നിവരും ഫയർഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News