സി ടി സ്‌കാൻ പരിശോധനാഫലം ഒരുമണിക്കൂറിനകം



വണ്ടാനം  അപകടത്തിൽ പരിക്കേറ്റ്‌ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നവർക്ക് സി ടി സ്‌കാൻ റിപ്പോർട്ട്‌ ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ വികസന സൊസൈറ്റി ജനറൽ ബോഡി തീരുമാനം.  പണമില്ലെന്ന കാരണത്താൽ റിപ്പോർട്ട് നൽകില്ലെന്ന നിലപാട് ബന്ധപ്പെട്ടവർ സ്വീകരിക്കരുതെന്ന്‌ എച്ച് സലാം എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. വികസന സമിതി ചെയർമാനായ കലക്‌ടർ വി ആർ കൃഷ്‌ണതേജയുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കുമുള്ള സേവനത്തിന്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റിനെ താൽക്കാലികമായി നിയമിക്കും. പഠന വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റ് രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും.  അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ സബ് കമ്മിറ്റികൾ രൂപീകരിക്കും. പരാതി പരിഹാര സെൽ, പരാതി പുസ്‌തകം എന്നിവയും ഏർപ്പെടുത്തും. ആശുപത്രിക്കായി പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും. മറ്റു മെഡിക്കൽ കോളേജ് ആശുപത്രികളുമായി താരതമ്യം ചെയ്‌ത്‌ വിവിധ പരിശോധനകളുടെ നിരക്ക് പുനഃപരിശോധിക്കും.   കംഫർട്ട് സ്‌റ്റേഷന്റെ ഇലക്‌ട്രിക് ജോലികൾ രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ പൂർത്തീകരിച്ച്‌ തുറന്നു കൊടുക്കാൻ തീരുമാനിച്ചു. ആശുപത്രി അങ്കണത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ആർദ്രം പദ്ധതിയിൽ അത്യാഹിത വിഭാഗത്തിനു സമീപം ലാബ് കളക്ഷൻ സംവിധാനവും ഒരുക്കും. ജനറൽ ബോഡി അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകാനും യോഗം തീരുമാനിച്ചു.  എ എം ആരിഫ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി കെ സുമ, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ആർഎംഒ ഡോ. ഹരി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനറൽ ബോഡി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.  Read on deshabhimani.com

Related News