മുന്നേറാം കൈകോർത്ത്‌



  ആലപ്പുഴ യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിന് പുതുഇടമൊരുക്കാൻ കുടുംബശ്രീ ഓക്‍സിലറി ​ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. ജില്ലയിൽ 1367 ​ഗ്രൂപ്പുകൾ സജ്ജമായി. ഇവയിൽ 23,448 അം​ഗങ്ങളുണ്ട്. ഒരു ​ഗ്രൂപ്പിൽ പരമാവധി 50 പേർക്കാണ് അം​ഗത്വം.  എല്ലാ ​വാർഡുകളിലും ​ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് ജില്ലാ മിഷൻ അധികൃതർ പറഞ്ഞു. കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം സൗത്ത്, തൃക്കുന്നപ്പുഴ, പാലമേൽ, മുളക്കുഴ പഞ്ചായത്തുകളിൽ ഒരു വാർഡിൽ ഒന്നിലധികം ​ഗ്രൂപ്പുകൾ രൂപീകരിച്ചു.  കുടുംബശ്രീ മുഖേനയുള്ള വിവിധ പദ്ധതികളുടെ ഗുണം യുവതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഓക്‍സിലറി ഗ്രൂപ്പ് രൂപീകരണത്തിനുണ്ട്. 18നും 40നും ഇടയിൽ പ്രായമുള്ള യുവതികളാണ്‌ അംഗങ്ങൾ. കൂടുതൽ പേരുണ്ടെങ്കിൽ ഒരു വാർഡിൽ രണ്ട്‌ ഗ്രൂപ്പ്‌ രൂപീകരിക്കും.  സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങി  സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്യാം. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിന് യുവതികളെ പ്രാപ്തരാക്കും. സ്ത്രീകളുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നതിനുള്ള ജാഗ്രതാ സമിതി, വിമുക്തി, സമം തുടങ്ങിയവയുമായി സഹകരിച്ചാകും പ്രവർത്തനം. യുവജന കമീഷൻ, യുവജനക്ഷേമ ബോർഡ് എന്നിങ്ങനെയുള്ള വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടാനും നേട്ടങ്ങൾ കൈവരിക്കാനുമാകും.  കേന്ദ്ര -സംസ്ഥാന സർക്കാരുകൾ, സഹകരണവകുപ്പ് മുതലായവയുടെ വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്‍ടിക്കാനും യുവതികൾക്ക്‌ സുസ്ഥിര ഉപജീവനം സാധ്യമാക്കാനും അവസരമൊരുക്കും. Read on deshabhimani.com

Related News