മൈ ഡിയറാണ്‌... 
ചങ്കാണ്‌ സ്ഥാനാർഥി

കെ എസ് ഹരിദാസ് പ്രചാരണത്തിനിടെ


  മാരാരിക്കുളം ആരാണ് ഇടതുപക്ഷ സ്ഥാനാർഥിയെന്ന് പൊന്നാട്ടുകാരോടു ചോദിച്ചാൽ, മൈ ഡിയർ എന്നാവും ഓരോരുത്തരുടെയും മറുപടി.  മൈ ഡിയർ - വിളിപ്പേര് മാത്രമല്ല പൊന്നാട്ടുകാർക്ക്, ഓരോ പ്രശ്നങ്ങളിലും ഓടിയെത്തുന്ന മനുഷ്യനോടുള്ള ആദരമാണ്‌. മണ്ണഞ്ചേരി നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പേര്‌ കെ എസ് ഹരിദാസ് എന്നാണെങ്കിലും  മൈഡിയർ എന്നു പറഞ്ഞാലേ നാലാളറിയൂ. 63 വയസുള്ള ഹരിദാസിന് വിളിപ്പേര് വീണിട്ട് 40 വർഷം കഴിഞ്ഞു. സുഹൃത്ത് അശോകനാണ് മൈ ഡിയർ എന്നു വിളിച്ചുതുടങ്ങിയത്. പിന്നെ നാടൊന്നാകെ  പേര് ഏറ്റെടുത്തു.   പാർടി യോഗങ്ങളിലും സമ്മേളനങ്ങളിലും സദസിൽ നിന്ന്‌ മൈ ഡിയറിനെ  മന്ത്രി  തോമസ് ഐസക് ഈ പേരിൽ വിളിക്കുമ്പോൾ പലർക്കും അതിശയമാണ്. കക്കാ തൊഴിലാളികളുടെയും കക്കാ സഹകരണ സംഘങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി മന്ത്രിയെ ‘ഉറക്കം കെടുത്തുന്ന’  മുഹമ്മ വെള്ളകക്ക സംഘം ജീവനക്കാരനായിരുന്ന മൈ ഡിയറെ എങ്ങനെ മറക്കാനാകും.  30 വർഷമായി സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമാണ്‌.  ചെരിപ്പ് ധരിക്കാതെയാണ് യാത്ര. ദൂരയാത്രയ്‌ക്ക്‌ സൈക്കിൾ.1984 ൽ പൊലീസിലേക്ക്‌ നിയമന ശുപാർശ ലഭിച്ചെങ്കിലും പൊതുപ്രവർത്തനമാണ്‌ തെരഞ്ഞെടുത്തത്‌.  തെരഞ്ഞെടുപ്പിൽ കന്നി അങ്കമാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ പഞ്ചായത്തംഗമെന്ന നിലയിൽ ലഭിക്കുന്ന വേതനം സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് ആഗ്രഹം. പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റിന്റെ സജീവ പ്രവർത്തകനായ ഹരിദാസൻ കിടപ്പു രോഗികളെ പരിചരിക്കുന്ന വളണ്ടിയർ കൂടിയാണ്. പുന്നപ്ര-വയലാർ സമര വാർഷിക ദിനത്തിൽ സെൻട്രൽ ജയിലിൽ രക്തസാക്ഷിയായ മുഹമ്മ അയ്യപ്പന്റെ ഓർമയ്‌ക്കായുള്ള ഗ്രന്ഥശാലയുടെ പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമാണ്.   Read on deshabhimani.com

Related News