തൊഴിലാളികളെ സമൂഹദ്രോഹികളായി 
ചിത്രീകരിക്കാൻ ശ്രമം: ആനത്തലവട്ടം

പ്രതിനിധി സമ്മേളനം പി കെ സോമൻ നഗറിൽ (പറവൂർ ഇ എം എസ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് 
ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ  തൊഴിലാളികളെ സമൂഹദ്രോഹികളായി ചിത്രീകരിക്കാൻ ശ്രമമുണ്ടെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനം പറവൂർ ഇഎംഎസ്‌ ഓഡിറ്റോറിയത്തിൽ (പി കെ സോമൻ നഗർ) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം കാര്യംമാത്രം നോക്കുന്നവരല്ല, സമൂഹത്തിലെ നാനാവിഭാഗം ആളുകളുടെയും കാര്യങ്ങൾ നോക്കുന്നവരാണ്‌ തൊഴിലാളികൾ. ആ തൊഴിലാളികളാണ്‌ നാടിന്റെ സ്വാതന്ത്ര്യത്തിനായി സർ സി പിയുടെ പട്ടാളത്തോട്‌ ഏറ്റുമുട്ടി രക്തസാക്ഷിത്വംവരിച്ചത്‌.  ഇന്ന്‌ രാജ്യത്ത്‌ കാണുന്ന സകല വളർച്ചയും നിർമിതിയും തൊഴിലാളിയുടെ അധ്വാനത്തിന്റെ ഫലമാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിനായി തൊഴിലാളികൾ ജീവത്യാഗം ചെയ്‌തു. അവരെയാണ്‌ നാടിന്റെ ശത്രുവെന്ന്‌ അധിക്ഷേപിക്കുന്നത്‌. മാധ്യമങ്ങളും തൊഴിലാളികളെ ശത്രുക്കളാക്കി വികൃതമായി ചിത്രീകരിക്കാൻ കൂട്ടുനിൽക്കുകയാണ്‌. മോദി സർക്കാരിന്‌ കീഴിൽ തൊഴിലാളികളുടെ വരുമാനം കുറഞ്ഞു. കുത്തകമുതലാളിമാരുടെ സമ്പത്ത്‌ കൂടി. അതിന്‌ അനുകൂലമായി ഭരണകൂടം നയം രൂപീകരിക്കുന്നു. തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണംചെയ്‌ത്‌ ലാഭമുണ്ടാക്കാൻ കഴിയുംവിധം തൊഴിൽ നിയമങ്ങളിൽ മാറ്റംവരുത്തി. എന്നാൽ കേരളം ഇതിന്‌ അനുകൂലമായി നിയമം പാസാക്കില്ലെന്ന്‌ നിലപാട്‌ എടുത്തു. വർഗീയതയാണ്‌ മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചത്‌. രാജ്യംവിറ്റ പണംകൊണ്ട്‌ കോൺഗ്രസുകാരെ ബിജെപി വിലക്കെടുക്കുകയാണ്‌. രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നാൽ കോൺഗ്രസ്‌ രക്ഷപ്പെടുമോ. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട്‌ എതിർക്കാൻ കഴിയുമെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News