തോട്ടപ്പള്ളിക്ക്‌ ആശ്വാസം കിഴക്കൻവെള്ളം ഒഴുകിമാറി



അമ്പലപ്പുഴ വെള്ളപ്പൊക്കത്തിന്റെ ആശങ്കയിൽ നിന്ന് ആശ്വാസമായി തോട്ടപ്പള്ളി നിവാസികൾ. തോട്ടപ്പള്ളി പൊഴി മുഖത്തെ മണൽനീക്കി കടലിലേക്ക്‌ ഒഴുക്കു സുഗമമാകിയതോടെ തോട്ടപ്പള്ളിയിലേയും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലേയും, ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലെയും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക അയഞ്ഞു.   കഴിഞ്ഞ ഒരാഴ്‌ചയിലധികമായി പെയ്യുന്ന മഴയും, ഡാമുകൾ തുറന്നതിനെത്തുടർന്നുണ്ടായ നീരൊഴുക്കും മൂലം ഒട്ടനവധി വീടുകളിലാണ് വെള്ളം കയറാൻ തുടങ്ങിയത്. വിത കഴിഞ്ഞ് രണ്ടു മാസംവരെ പിന്നിട്ട പാടശേഖരങ്ങളും മടവീഴ്‌ച ഭീഷണിയിലായി. ഈ ഘട്ടത്തിലാണ് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി ജി സുധാകരൻ കലക്ടർക്കും, ഇറിഗേഷൻ ഉദ്യോഗസ്ഥർക്കും പൊഴി തുറക്കാൻ നിർദേശം നൽകിയത്.  സമയോചിതമായ ഈ ഇടപെടലാണ് രണ്ടാം കൃഷിയിറക്കിയ പതിനായിരക്കണക്കിന് പാടശേഖരങ്ങൾക്കും  ജനങ്ങൾക്കും രക്ഷയായതെന്ന് കർഷകർ പറഞ്ഞു.     ജലസേചന ചീഫ് എൻജിനിയർ ബി ബിജു  നേരിട്ടെത്തിയാണ് 30 മീറ്റർ വീതിയിൽ  പൊഴി മുറിക്കൽ പൂർത്തിയാക്കിയത്. ഈ ഭാഗത്തുകൂടി ഏറെ ശക്തിയിലാണ് ഇപ്പോൾ വെള്ളമൊഴുകുന്നത്. ജലനിരപ്പ് ഉയരുന്ന മുറയ്‌ക്ക് വീണ്ടും പൊഴിയുടെ വീതി കൂട്ടാനാകുമെന്നും കൂടുതൽ വെള്ളമൊഴുക്കാനാകുന്നും   എക്‌സിക്യൂട്ടീവ് എൻജിനിയർ അരുൺ കെ ജേക്കബ്, അസി. എൻജിനിയർ കെ എസ് ശ്രീകുമാർ എന്നിവർ പറഞ്ഞു.      പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന് പൊഴി മുഖത്തെ മണൽ  നീക്കാൻ നാലു മാസത്തെ കാലാവധിയാണ് നൽകിയത്. മെയ് 23ന്‌ ആരംഭിച്ച് ജൂലൈ 22 വരെ 59 ദിവസം കൊണ്ട് ഈ പ്രവർത്തി പൂർത്തിയാക്കി. 120 മീറ്റർ മാത്രമുണ്ടായിരുന്ന പൊഴി മുഖത്തിന്റെ വീതി 393 മീറ്ററാക്കി. പകൽ രണ്ട് മണിക്ക് ശേഷം വേലിയിറക്ക സമയത്ത് കൂടുതൽ വെള്ളം ഒഴുകി മാറുമെന്ന് സമീപവാസികൾ പറഞ്ഞു. Read on deshabhimani.com

Related News