മാറ്റമില്ല... ഇഞ്ചോടിഞ്ചിന്‌

വയലിൻ (പൗരസ്ത്യ ) എച്ച്എസ്‌ വിഭാഗം ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ‍്കൂളിലെ ജെ ഗൗരികൃഷ്ണ. ബാലസംഘം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയംഗമാണ്


ആലപ്പുഴ  കലാമാമാങ്കത്തിന്‌ വ്യാഴാഴ്‌ച കൊടിയിറങ്ങും. 12 വേദികളിലായി വിവിധ വിഭാഗങ്ങളിൽ ആയിരത്തിലധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ചേർത്തല, കായംകുളം, തുറവൂർ സബ്ജില്ലകളുടെ മുന്നേറ്റം മൂന്നാംനാളും പ്രകടം. മൂന്നാംദിവസം നൃത്തയിനങ്ങളും സ്‌കിറ്റും മൈമും മിമിക്രിയും മോണോ ആക്‌ടും ലളിതഗാന മത്സരങ്ങളും അരങ്ങേറി. എസ്‌ഡിവി സെന്റിനറി ഹാളിൽ ഹയർസെക്കൻഡറി നാടകമത്സരം ഒന്നിനൊന്ന്‌ മികവുകാട്ടി. ആദ്യദിനങ്ങളിൽ അപ്രതീക്ഷിത വേദിമാറ്റവും ഭക്ഷണക്രമത്തിലുണ്ടായിരുന്ന പരാതികളും പരിഹരിച്ച്‌ രണ്ടും മൂന്നും ദിവസങ്ങളിൽ സംഘാടകമികവ്‌ പ്രകടമായി. കഴിഞ്ഞ ദിവസങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി മത്സരങ്ങൾ സമയബന്ധിതമായി ആരംഭിക്കാനും കഴിഞ്ഞു. ചേർത്തല – 600 പോയിന്റോടെ ഒന്നാമതും 592 പോയിന്റുമായി തുറവൂർ രണ്ടാമതുമാണ്‌. ആലപ്പുഴ – 591, കായംകുളം – -590. മാവേലിക്കര –- 574 പോയിന്റോടെ ആദ്യഅഞ്ചിലുണ്ട്‌. ആദ്യഘട്ടത്തിൽ മുന്നിലെത്തിയിരുന്ന ആലപ്പുഴ മൂന്നാംദിവസം  മൂന്നാംസ്ഥാനത്താണ്‌.    മാന്നാർ എൻഎസ്‌എസ്‌ ബോയ്‌സ്‌ 162 പോയിന്റോടെ സ്‌കൂളുകളിൽ ഒന്നാംസ്ഥാനത്ത്‌ തുടരുന്നു. ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ – -154,  നങ്ങ്യാർകുളങ്ങര ബിബിജിഎച്ച്‌എസ്‌ – 134, മാവേലിക്കര മറ്റം സെന്റ്‌ ജോൺസ്‌ – -126, ചേർത്തല മുട്ടം ഹോളിഫാമിലി –- 124 എന്നിവയാണ്‌ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. സമാപന സമ്മേളനം വ്യാഴം വൈകിട്ട് അഞ്ചിന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും.  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിപിൻ സി ബാബു സുവനീർ പ്രകാശനം ചെയ്യും. കലക്‌ടർ വി ആർ കൃഷ്‌ണ തേജ സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയാകും.   Read on deshabhimani.com

Related News