​​വികസന വീഥിയിലെ വെളിച്ചം



ആലപ്പുഴ പഞ്ചായത്തുകളിൽ ദാരിദ്ര്യലഘൂകരണത്തിന് കുടുംബശ്രീവഴി  ‘ഗ്രാമകം’ പദ്ധതി പുരോ​ഗമിക്കുന്നു. പ്രാദേശിക വികസനം ലക്ഷ്യമിട്ട് ദാരിദ്ര്യ ലഘൂകരണ പദ്ധതി രൂപീകരണമാണ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കാവശ്യമായ പദ്ധതികൾ അയൽക്കൂട്ടം, എഡിഎസ്, സിഡിഎസ് വഴി നടത്തുന്നതാണ് ഗ്രാമകം.    കഴിഞ്ഞവർഷമാണ്‌ കുടുംബശ്രീ വിവരശേഖരണത്തിൽ പങ്കാളിയായത്.  ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അറിഞ്ഞ് തദ്ദേശ സ്ഥാപനത്തിലെ വികസന പദ്ധതിക്കൊപ്പം ചേർക്കുകയാണ് ​ഗ്രാമകം ചെയ്യുന്നത്. ‘ഗ്രാമകം 2021’ കാമ്പയിനിലൂടെയാണ് നിലവിൽ വിവരശേഖരണം.  കുടുംബശ്രീ ജില്ലാമിഷൻവഴി സിഡിഎസ്  പരിശീലനം നടക്കുകയാണ്. അയൽക്കൂട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ മിഷൻ അറിയിച്ചു.    ജില്ലയിൽ 23,000ലധികം അയൽക്കൂട്ടങ്ങളുണ്ട്. എഡിഎസ് തലത്തിൽ പ്രത്യേക അയൽക്കൂട്ടം ചേർന്ന് തയാറാക്കുന്ന വികസന പദ്ധതി നിർദേശങ്ങൾ സിഡിഎസിന് കൈമാറും. സിഡിഎസ് ഭാരവാഹികൾ ഇവ ക്രോഡീകരിക്കും. പ്രാദേശികമായി ഓരോ വ്യക്തികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങളെ അടിസ്ഥാനമാക്കിയും അവരുടെ ഉപജീവന ആവശ്യങ്ങൾ കണ്ടെത്തിയുമാണ് പദ്ധതി തയ്യാറാക്കുന്നത്. ഇത് പഞ്ചായത്തിന്റെ വികസന പദ്ധതിയുമായി യോജിപ്പിക്കും. അടുത്ത വർഷം തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം പ​ദ്ധതികൾ തുടങ്ങാൻ സൗകര്യമൊരുക്കും.  ഇത്തവണ ന​ഗരങ്ങളിലെ വിവരശേഖരണവും കുടുംബശ്രീക്കാണ്. 72 പഞ്ചായത്തുകളിലെയും ആറ് മുനിസിപ്പാലിറ്റികളിലെയും അന്തിമപദ്ധതി രൂപം ഡിസംബർ പകുതിയോടെ  തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാനാകുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ ഭാരവാഹികൾ പറഞ്ഞു.    ഇൻഷുറൻസ്, തൊഴിലുറപ്പ് പദ്ധതി, ക്ഷേമ പെൻഷനുകൾ, വീട്, ശുചിത്വം, പരിസ്ഥിതി പ്രശ്നങ്ങൾ, സാമൂഹിക വികസന പദ്ധതികൾ, റോഡ്, കുടിവെള്ളം, ആരോഗ്യം, അടിസ്ഥാന സൗകര്യം, തൊഴിലും വരുമാനവും, മറ്റ് സേവന മേഖലകൾ തുടങ്ങിയവയാണ് ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തുക. Read on deshabhimani.com

Related News