വലിയ കലവൂരിൽ 
ഗോഡൗണിൽ തീപിടിത്തം

തീയണയ്‍ക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങള്‍


 മാരാരിക്കുളം വലിയ കലവൂരിൽ മെത്തകളും പ്ലാസ്‌റ്റിക് കസേരകളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം. 2.25 കോടിയോളം രൂപയുടെ നാശനഷ്‌ടം. ആളപായമില്ല. ദേശീയപാതയിൽ കലവൂർ കെഎസ്ഡിപിക്ക് കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്ത് 13–-ാം വാർഡിലെ കടവിൽ ട്രേഡിങ് കമ്പനി, ഒലീവ് മാർക്കറ്റിങ് എന്നീ സ്ഥാപനങ്ങളിലാണ് വെള്ളി പകൽ 2.15 ഓടെ തീപിടിത്തമുണ്ടായത്.  അലുമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള 10,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 1.25 കോടിയോളം വിലയുള്ള കിടക്കകളും കസേരകളുമാണ് നശിച്ചത്. കെട്ടിടവും പൂർണമായും നശിച്ചു. ഓഫീസിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയും ചെക്ക് ഉൾപ്പെടെയുള്ള രേഖകളും കംപ്യൂട്ടർ ഉപകരണങ്ങളും കത്തിനശിച്ചു. ആലപ്പുഴ എംഒ വാർഡിൽ കടവിൽ കുര്യൻ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണിവ.  ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ്‌ സംഭവം. ഗോഡൗണിന്റെ ഒരുമൂലയിൽനിന്ന് തീഉയരുന്നതാണ് ആദ്യം കണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന്  ഗോഡൗണിലാകെ പുകനിറഞ്ഞു.  ആലപ്പുഴ, ചേർത്തല, തകഴി, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേനയുടെ പതിനൊന്നോളം വാഹനങ്ങളെത്തി മൂന്ന്‌ മണിക്കൂർനീണ്ട തീവ്രപരിശ്രമത്തിനൊടുവിലാണ് തീയണയ്‌ക്കാനായത്‌. ഇതിനു സമീപത്തെ കയർ ഫാക്‌ടറിയുടെ പിന്നിൽ സൂക്ഷിച്ചിരുന്ന കയറിനും തീപിടിച്ചു. കെട്ടിടത്തിനും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ മൊത്തം 2.25 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി ഉടമ പറഞ്ഞു. റവന്യൂവകുപ്പിന്റെ ദുരന്തനിവാരണ വിഭാഗം, പൊലീസ്, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും എത്തി പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. ജില്ലാ ഫയർ ഓഫീസർ രാമകുമാർ, സ്‌റ്റേഷൻ ഓഫീസർ പി ബി വേണുക്കുട്ടൻ, അസി. സ്‌റ്റേഷൻ ഓഫീസർ ആർ ജയകുമാർ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News