കുട്ടനാട് പാക്കേജിൽ ഏകോപനം 
ഉറപ്പാക്കും: ഡോ. ആർ രാംകുമാർ



രാമങ്കരി രണ്ടാം കുട്ടനാട് പാക്കേജിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം ഉറപ്പാക്കുമെന്ന് സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ ആർ രാംകുമാർ പറഞ്ഞു. കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘കാലാവസ്ഥാ വ്യതിയാനവും കുട്ടനാടും പരിഹാരവും' എന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.  ഏകോപനമില്ലാതിരുന്നതാണ് കുട്ടനാടിനു വേണ്ടിയുള്ള മുൻ പദ്ധതികളുടെ പോരായ്മ. എന്നാൽ മുൻ പദ്ധതികളെല്ലാം പരാജയമാണെന്നു പറയുന്നതു ശരിയല്ല. ശാസ്ത്രീയമായി നടപ്പാക്കാത്തതും പദ്ധതി പൂർത്തിയാക്കാത്തതും നടപ്പാക്കുമ്പോഴുണ്ടാകുന്ന ദോഷവശം കാണാതിരുന്നതുമാണ് പ്രശ്നങ്ങളുണ്ടാക്കിയത്. സ്വാമിനാഥൻ കമീഷൻ വേമ്പനാട്ടു കായലിന്റെ വിസ്‌തൃതി കുറഞ്ഞ നടക്കം പല പുതിയ കാര്യങ്ങളും ചൂണ്ടിക്കാട്ടി. കൊച്ചാർ കനാൽ നിർമിച്ചതടക്കമുള്ള കാര്യങ്ങൾ വെള്ളപ്പൊക്ക ഭീഷണി കുറച്ചു. രണ്ടാം കുട്ടനാട് പാക്കേജ് ശാസ്ത്രീയ പഠനം നടത്തിയ ശേഷമേ നടപ്പാക്കാവൂവെന്ന് ആസൂത്രണ ബോർഡ് നിർദ്ദേശിച്ചു. കാർഷിക കലണ്ടർ നടപ്പാക്കണമെങ്കിൽ നവംബറിൽ തന്നെ കൃഷിയിറക്കാൻ കർഷകരെ പ്രാപ്തരാക്കാൻ കൃഷിവകുപ്പിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ അധ്യക്ഷനായി. മുൻ എംഎൽഎമാരായ സി കെ സദാശിവൻ, ഡോ കെ സി ജോസഫ്, കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ കെ ഗോപിനാഥൻ, ഫിഷറീസ് സർവകലാശാല സിൻഡിക്കറ്റംഗം ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ്‌ പി വി രാമഭദ്രൻ സ്വാഗതവും സെക്രട്ടറി പി ജി അശോക്‌കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News